Thursday, October 7, 2010

penjeevitham

ഒരു 'വെറും' പെണ്‍ കഥ -- published on http://www.nattupacha.com/


സുഹൃത്തേ, ഞാനൊരു പെണ്ണാണ്‌.

പെണ്ണെന്നു വെച്ചാല്‍ സിനിമയിലൊക്കെ കേള്‍ക്കുന്ന പോലെ ' ഓ നീ വെറുമൊരു പെണ്ണ്' എന്ന് നിങ്ങള്‍ രഹസ്യമായെങ്കിലും പുച്ഛിച്ചേക്കാം. പറഞ്ഞിട്ട് കാര്യമില്ല.

നമ്മുടെ നാട്ടിലെ ഒരു വിധം പെണ്ണുങ്ങളുടെയെല്ലാം ജീവിതം ഒരു 'വെറും' പെണ്‍ ജീവിതം തന്നെയാണ്. ഇത് ഇത്ര പറയാന്‍ മാത്രമുണ്ടോ എന്ന് വാദിച്ചേക്കാം. ഒരു പെണ്‍ കഥ ചുരുക്കി പറയുമ്പോള്‍ ചിലതെല്ലാം വിട്ടു പറയാന്‍ പറ്റില്ലല്ലോ. എങ്കിലും സുഹൃത്തേ ഇത്രയെങ്കിലും പറയുന്നത് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.




പെണ്ണായി പിറന്നു. ഓരോ കുഞ്ഞു പിറക്കുമ്പോഴും അത് ആണ്‍കുഞ്ഞായിരിക്കുമെന്ന ഒരു 'നിര്‍ദോഷമായ' പ്രതീക്ഷ അന്തരീക്ഷത്തില്‍ പാറിനടക്കുന്നണ്ടാവും. കുറ്റം പറയാനാവില്ല. ചുറ്റും പെരുകുന്ന ബാധ്യതകളോടുള്ള അച്ഛന്റെയും അമ്മയുടെയും വേവലാതികള്‍ എനിക്കൊപ്പം വളര്‍ന്നു. എപ്പോഴും കുഞ്ഞുടുപ്പുകളില്‍ പൊതിഞ്ഞും കവിളില്‍ പൊട്ടു കുത്തിയും അമ്മയെന്നെ 'പെണ്‍കുട്ടിയാക്കി'.

ഇടയ്ക്കിടെ മകള്‍ ഇത്തിരി കറുത്ത് പോയതിന്റെ സങ്കടങ്ങള്‍ അയല്‍ക്കാരോട് പങ്കുവെച്ചു. തൊലി അല്പം കറുപ്പിച്ചു വിട്ട ദൈവത്തിന്റെ കുരുത്തക്കേടിനു കുറെ സഹിക്കേണ്ടി വന്നത് കൊണ്ടാവാം. കറുപ്പിന്റെ ഏഴഴക് കണ്ടെത്താന്‍ ഒരാള്‍ വരാന്‍ മുപ്പതു വര്‍ഷത്തോളം പുരനിറഞ്ഞു കെട്ടാച്ചരക്കായി കാത്തുനില്‍ക്കേണ്ടി വന്ന കാലം അത്ര പെട്ടെന്നൊന്നും മറക്കാനാവില്ലല്ലോ?

അമ്മ പറയും പോലെ, ഒന്നോര്‍ത്താല്‍ കറുത്ത പെണ്ണുങ്ങളുടെ ജീവിതം എത്ര അലക്കിയാലും വെളുക്കാത്ത വിഴുപ്പു പോലെയാണ്.

എങ്കിലും പറയാതിരിക്കാന്‍ വയ്യ. എത്ര പേരുടെ സന്‍മനസ്സു കൊണ്ടാണ് ഒരു പെണ്‍ ജീവിതം പിച്ച വെച്ച് തുടങ്ങുന്നത്!

തമിഴ് നാട്ടിലെ ഉള്‍ഗ്രാമങ്ങളിലെ ചില അമ്മ മാരെ പോലെ നെന്മണി വായിലിട്ട്, കൊന്ന് കളഞ്ഞില്ലല്ലോ! വഴിയോരത്തെവിടെയെങ്കിലും വലിച്ചെറിയാന്‍ ചുറ്റുമുള്ളവര്‍ നിര്‍ബന്ധിച്ചില്ലല്ലോ !

മുറ്റത്തെ മാവിന്‍ ചുവടായിരുന്നു കളിസ്ഥലം.

ലിംഗവിവേചനത്തിന്റെ ആദ്യ പാഠങ്ങള്‍ ജീനുകളില്‍ തന്നെ കുടി കൊള്ളുന്നു. സമൂഹത്തില്‍ പെണ്ണിടങ്ങള്‍ നിശ്ചയിക്കപെടുന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണെന്ന പാഠം പഠിച്ചു തുടങ്ങുന്നത് ഇവിടെ നിന്നാണ്.

മണ്ണ് കൊണ്ട് അതിരിട്ട വീടായിരുന്നു. ഞാന്‍ അടുപ്പ് കൂട്ടി അടുക്കളയും അകത്തളങ്ങളും ഒരുക്കുമ്പോള്‍ ആണ്‍ പ്രജകള്‍ പുറത്തേക്കുള്ള വാതിലുകളും ജനലുകളും അടയാളപ്പെടുത്തി.

ഭക്ഷണം തേടിപിടിച്ചു കൊണ്ട് വരേണ്ടതിന്റെ ചരിത്ര നിയോഗം തിരിച്ചറിഞ്ഞു അവര്‍ പുറം ലോകങ്ങളിക്ക് യാത്രകള്‍ പോയി.

കയ്യും കണ്ണും പോയ പെണ്‍പാവക്കുട്ടികളെ തോളിലേറ്റി ഉടുപ്പിനു മീതെ ചുറ്റിയ ദുപ്പട്ടയൊതുക്കി വല്ലപ്പോഴും 'ബാക്ക് സീറ്റിലിരുന്നു' ഞാന്‍ പുറം ലോകം കണ്ടു.

വലുതാവുമ്പോള്‍ അമ്മയെ പോലെ സാരി ചുറ്റി, ചോറും കൂട്ടാനും വെച്ച് വീട് വൃത്തിയാക്കി, വീട്ടുകാരെ നോക്കി ജീവിക്കുന്നതിനെ കുറിച്ച് സ്വപങ്ങള്‍ കണ്ടു. കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ഒരു ടീച്ചറോ മറ്റോ ആവാമെന്ന സ്വപ്നം തന്നത് സാരി എന്ന അത്ഭുത തുണി ക്കഷ്ണമാണ്.
തുണിയലക്കി, പാത്രങ്ങള്‍ കഴുകി ജീവിതത്തിന്റെ എച്ചില്‍ മണവും അഴുക്കുകളും കൂടികലര്‍ന്ന ജീവിത പാഠങ്ങള്‍ ഞാന്‍ പഠിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍, ആണ്‍കൂട്ടം ജീവിതം ഒരു ആഘോഷതിമിര്‍പ്പോടെ, ഒരു പന്തുകളിയിലെന്ന പോലെ തട്ടിക്കളിച്ചു.

സ്വതന്ത്രമായ ചലനങ്ങളോടെ ഓടിക്കളിക്കാതിരിക്കാനും ഉറക്കെ ചിരിച്ചു നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതിരിക്കാനും പല കണ്ണുകളുടെ മേല്നോട്ടമുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയില്‍ നിന്നും സ്ത്രീയിലേക്കുള്ള വളര്‍‍ച്ച ഒരു ഉയര്‍ച്ചയല്ല സുഹൃത്തേ. ഫാള്‍ ഇന്‍ ലവ് എന്നൊക്കെ പറയുന്ന പോലെ കുറച്ചു സ്വാതന്ത്ര്യങ്ങളില്‍ നിന്നും കൂടുതല്‍ വിലക്കുകളിലേക്കുള്ള ഒരു വളര്‍ച്ചയാണ്. ആര്‍ത്തവ രക്തത്തിന്റെ നനവില്‍ ഒരു കൌമാരക്കാരി വിറയലോടെ തിരിച്ചറിയുന്നത്‌ ഒരു പെണ്‍ജീവിതത്തിന്റെ പല വേദനകള്‍ കൂടിയാണെന്ന് പറയുന്നത് അതിശയോക്തിയാവില്ല.

വഴി നീളെ പിന്തുടരുന്ന കണ്ണുകളെ വിവശതയോടെയും പേടി കലര്‍ന നാണത്തോടെയും സ്വീകരിച്ചു. എനിക്ക് മുമ്പേ നടന്ന കാലടികളില്‍ പ്രണയത്തിന്റെ മാത്രമല്ല, വിരഹത്തിന്റെയും ചതിയുടെയും പാടുകളുണ്ട്. ബലാത്സംഗങ്ങളുടെ, സ്ത്രീധന മരണങ്ങളുടെ, അച്ഛന്‍ മകളെ പിച്ചിക്കീറുന്നതിന്റെ വാര്‍ത്തകളിലൂടെ പുലര്‍ന്ന ദിനങ്ങളിലെല്ലാം അരക്ഷിതത്വം കുളത്തിലെ പായല്‍ പോലെ എന്നെ പൊതിഞ്ഞു നിന്നു. എന്നിട്ടും ആണ്‍സ്വരത്തിന്റെ ഇടര്‍ച്ചയേയും, മുഴക്കത്തെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നത് കഴിവുകേടാണെന്ന് നീ പറയരുത്. നിന്റെ പ്രണയത്തിനു നിറം ചേര്‍ത്ത് കൊണ്ടാണ് ഞാന്‍ എന്റെ ജിവിതത്തെ തിരിച്ചറിയുന്നത്‌. നിന്റെ ശരീരത്തിന്റെ മാത്രം പ്രണയം അതു കൊണ്ടാണ് പലപ്പോഴും ഞാന്‍ അറിയാതെ പോയത്.
ശരീരത്തെക്കുറിച്ച് വേവലാതിപ്പെടാതെ ഒരു പെണ്ണിന്റെയും പകലിരുട്ടി വെളുക്കുന്നില്ല സുഹൃത്തേ. ഓ ഈ പെണ്ണുങ്ങള്‍ക്ക് എന്താണ് ഇത്ര പ്രശ്നമെന്തെന്നു ചോദിച്ചേക്കാം! ചുമലില്‍ നിന്നൂര്‍ന്നു വീഴുന്ന ദുപ്പട്ടയെക്കുറിച്ചുള്ള ആധിയില്‍ തുടങ്ങി, ഒന്ന് കുനിയുമ്പോള്‍, ഹോട്ടലുകളുടെ വാഷ്‌ റൂമില്‍, തുണിക്കടകളുടെ ട്രയല്‍ റൂമുകളില്‍ തുറന്നു വെച്ചേക്കാവുന്ന കാമറക്കണ്ണുകള്‍ ജീവിതത്തെ തകര്‍ത്തു കളയുമെന്ന് ഭയപെടാതെ എങ്ങനെ ജീവിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്?

പെണ്ണിനെ ശരീരത്തിന്റെ അളവുകളിലൊതുക്കി മാത്രം കാണുന്നതില്‍ നിന്നു കുറെയൊക്കെ മാറിയെന്നു നിങ്ങള്‍ സമ്മതിച്ചേക്കും. നല്ല സൌഹൃദങ്ങളുണ്ട്, പ്രണയങ്ങളുണ്ട്. എല്ലാ ബന്ധങ്ങളുടെയും ഊഷ്മളത മനസ്സിലാക്കി തന്നത് കരുത്തുള്ള, ആണത്തമുള്ള ചില മനസ്സുകളാണ്. എന്നിരുന്നാലും, പറയാതെ വയ്യ, അദൃശ്യമായ ഒരു ചരടിനാല്‍ ബന്ധിപ്പിക്കപ്പെട്ട നാം, ഓരോ നിമിഷവും തെറ്റിദ്ധരിക്കപ്പെട്ടു. നീ ആണും ഞാന്‍ പെണ്ണും ആയതിനാല്‍ നമുക്ക് പാഥേയം പങ്കു വെക്കുവാന്‍ മരത്തണലുകളില്ല. നമുക്കിടയില്‍ ഒരിക്കലും ജനിക്കാത്ത പ്രേമത്തെ, കാമത്തെ. ഈ സമൂഹമെങ്ങനെയാണ് ഭൂത കണ്ണാടി വെച്ച് കണ്ടുപിടിച്ചത്? വര്‍ഷമെത്ര കഴിഞ്ഞാലും, ഭാരതപുഴയിലെത്ര വെള്ളമൊഴുകിയാലും ആണ്‍ പെണ്‍ സൌഹൃദങ്ങള്‍ക്ക് ആയുസ്സില്ലാതെ പോവുന്നു. പറന്നുയരാന്‍ ശ്രമിക്കുമ്പോളെല്ലാം കാലുകളില്‍ മുറുകുന്ന അദൃശ്യമായ കെട്ടുപാടുകളെ കുറിച്ച് ഓര്‍ത്തു വേദനിക്കുന്ന ഒരായിരം മനസ്സുകളുണ്ട്‌.
നാട് വിട്ടു പല സ്ഥലങ്ങളില്‍ പോയി പഠിക്കുന്നതും ജോലി ചെയ്യുന്നതും ദൂരയാത്രകള്‍ ചെയ്യുന്നതുമെല്ലാം ഞങ്ങള്‍ ചോദിച്ചു വാങ്ങിയ സ്വാതന്ത്ര്യങ്ങളാ‍ാണ്. എങ്കിലും രാത്രിയാത്ര ചെയ്യുന്ന പെണ്ണ് അന്നും ഇന്നും 'അപഥ സഞ്ചാരിണിയും' എന്തിനും തുനിഞ്ഞ് ഇറങ്ങിയവളും ഒക്കെ തന്നെ ആണ്. അല്ലെങ്കില്‍, ബസ്‌ സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെ തേടിവരുന്ന സംശയ ദൃഷ്ടികളുടെയും വൃത്തി കെട്ട കമന്റുകളുടെയുമൊക്കെ എണ്ണം ഇത്തിരിയെങ്കിലും കുറഞ്ഞേനെ.
സുഹൃത്തേ, ഞങ്ങള്‍ ജോലി ചെയ്യുന്നുണ്ട്. വായിക്കുകയും ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും ബന്ധങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഭര്‍ത്താവിനെയും കുട്ടികളെയും പരിചരിക്കുന്നതിനും അടുക്കളപ്പണി ചെയ്യുന്നതിനപ്പുറം ഞങ്ങള്‍ക്ക് ജീവിതത്തെ കുറിച്ച്, കുടുംബത്തെ കുറിച്ച്, ലൈംഗിഗ്കതയെകുറിച്ചു ചില സങ്കല്പ്പങ്ങളുണ്ട്.
ഞങ്ങളുടെ സ്വാതന്ത്ര്യം ചിലര്‍ ബ്രാ കത്തിച്ചും ആണുങ്ങളെ വെറുക്കുന്ന 'ഫെമിനിസം' പറഞ്ഞും മാത്രം സ്ഥാപിച്ചെടുത്തതല്ല, സുഹൃത്തെ, ഒന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു. കാറ്റു കടക്കുന്ന മുറികള്‍ മോഹിച്ചു, ചരടുകളില്ലാത്ത ബന്ധങ്ങള്‍ ആഗ്രഹിച്ചു, സ്വപനങ്ങള്‍ക്ക് ചോരയും നീരും കൊടുത്ത് ഞങ്ങളും ഈ ജീവിക്കുകയാണ് ഈ പെണ്‍ജീവിതം.

എല്‍സമ്മ എന്ന പെണ്‍കുട്ടി - movie review

എല്‍സമ്മ എന്ന പെണ്‍കുട്ടിക്കെന്താണ് കുഴപ്പം? -- Published on http://www.nattupacha.com/




ഒരു പേരിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഉള്ളത് പറയണമല്ലോ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന പേരിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ് ലാല്‍ ജോസിന്റെ പുതിയ പടം കാണാന്‍ തീരുമാനിച്ചത്. ക്ലാസ്മേറ്റ്സും മീശമാധവനും പോലുള്ള പുതുമയുള്ള സിനിമകള്‍ തന്ന ലാല്‍ ജോസ് അത്ര സുഗന്ധം പരത്താത്ത നീലത്താമര കാണിച്ചു നിരാശപെടുതിയെങ്കിലും അതിലെ പാട്ടുകള്‍ ഇമ്പ മുള്ളതായിരുന്നു. പറഞ്ഞു വരുന്നത് എല്‍സമ്മ ഓര്‍ത്തു വെക്കാന്‍ കൊള്ളാവുന്ന ഒരു പാട്ടു പോലും പാടിയില്ല എന്നാണ്.

എല്‍സമ്മ എന്ന പെണ്‍കുട്ടിക്ക് എന്താണ് കുഴപ്പം?

അച്ഛന്‍ മരിച്ചുപോയി. അമ്മ രോഗിയും കര്യപ്രപ്തിയുമില്ലാത്തവള്‍. മൂന്ന് അനിയത്തിമാരുടെയും കാര്യങ്ങള് നോക്കണം. അയല്‍വക്കത്തെ പാപ്പന്റെ (നെടുമുടി വേണു ) വീട്ടില്‍ പണ്ട് റബ്ബര്‍ വെട്ടാന്‍ വന്നതിന്റെ പേരില്‍ അച്ഛന് കിട്ടിയ വീടിലാണ് താമസം. രാവിലെ എണീറ്റ്‌ പത്രം വില്‍ക്കാന്‍ പോകുന്നു. മാതൃഭൂമി പത്രത്തിന്റ താല്‍ക്കാലിക പ്രാദേശിക ലേഖിക കൂടിയയത് കൊണ്ട് ബാലന്‍ പിള്ള സിറ്റി എന്ന ഗ്രാമത്തിലെ നാട്ടുകാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. (അതുകൊണ്ട് മാത്രം രാഷ്ട്രീയക്കാരും ഗുണ്ടകളും പോരാത്തതിനു പോലീസുമൊക്കെ ചൊല്‍പ്പടിക്ക് നില്‍ക്കുമെന്ന് പറയുന്നത് ഇത്തിരി കടന്ന കയ്യായി പോയില്ലേ എന്ന് തിരക്കഥാക്യത്ത് സിന്ധു രാജിനോട് ആരും ചോദിച്ചുപോവും. കേരളത്തില്‍ തന്നെയല്ലേ ആ ഗ്രാമം?)

ആവശ്യത്തിനു ആത്മവിശ്വാസമുണ്ട്. കാര്യവിവരവും ധൈര്യവുമുണ്ട്. സുഹൃത്തും പാല്ക്കാരനുമായ പാലുണ്ണിയോട് (കുഞ്ചാക്കോ ബോബന്‍) ഉള്ളില്‍ സ്നേഹമുണ്ടെങ്കിലും പ്രണയവിവശയായി നടക്കുന്നില്ല. ആരോടും പ്രണയമില്ലെന്നു തെളിയിക്കാന്‍ എല്‍സമ്മ ചില നാടകങ്ങളൊക്കെ കാണിക്കുന്നുണ്ട്. അനിയത്തിമാരെ വളക്കാന്‍ നോക്കുന്ന പൂവാലന്മാരെ ഓടിക്കാനും അവരെ പഠിപ്പിക്കാന്‍ വേണ്ടി പത്താം ക്ലാസ്സ്‌ തോറ്റു എന്ന് കള്ളം പറഞ്ഞു പഠിത്തം നിര്‍ത്തി ചില ത്യാഗങ്ങളൊക്കെ ചെയ്യുന്നുണ്ട്. കള്ളു വാറ്റു ന്നതിനും കുന്നു ഇടിച്ചു നിരതുന്നതിനും എതിരായി നാട്ടുകാരെ സംഘടിപ്പിക്കുകയും സമരം ചെയ്യുന്നതും ചെയ്ത് സാമൂഹ്യസേവനം ചെയ്യുന്നുണ്ട്. ഒരു പെണ്ണിനിതൊക്കെ ചെയ്യനോക്കുമോ?

എന്നാല്‍ പിന്നെ എത്സമ്മയെ അങ്ങ് 'ആണ്‍കുട്ടി; ആക്കി കളയാമെന്നു സംവിധായകനും നാട്ടുകരുമോക്കെയങ്ങ് വിചാരിച്ചു. അങ്ങനെ എല്‍സമ്മ എന്ന പെണ്‍കുട്ടി ആണ്‍കുട്ടിയായി . (ഇത് കേരളം തന്നെ!)

ഇങ്ങനെ 'ആണതതമുള്ള' എല്സമ്മ പത്രം വിറ്റും വലിയൊരു കുടുംബം പോറ്റുന്ന (അതെങ്ങനെ എന്നൊന്നും ചോദിക്കരുത്. കേട്ടുരുപ്പില്ലാത്ത കഥയില്‍ ചോദ്യവുമില്ല ഉത്തരവുമില്ല) ഗ്രാമത്തിലേക്ക് അയല്‍വക്കത്തെ പാപ്പന്റെ കൊച്ചുമകനായ എബി മോന്‍ എന്ന പരിഷ്കാരിയായ പഞ്ചാരകുട്ടനും തന്നിഷ്ടക്കാരിയായ പെങ്ങളും കുറെ കൂടുകാരും വരുന്നതോടെ ഉണ്ടാവുന്ന സംഭവങ്ങളാണ് പിന്നീട്. എത്സമ്മയെയും കുടുംബത്തെയും തകര്‍ക്കാന്‍ കള്ളു കച്ചവടക്കാരന്‍ കരിപ്പല്ള്ളി (വിജയരാഘവന്‍) എബിയും കൂടുക രെയും കൂട്ടുപിടിക്കുന്നു. എല്ലാ കാര്യത്തിലെന്ന പോലെ ഇവിടെയും എല്‍സമ്മ മാത്രം വിജയിക്കുന്നു.

രണ്ടാം പകുതിയ്ടെ തുടക്കം മുതല്‍ ഉള്ള ഇഴച്ചില്‍ അവസാനം വരെ നില നിര്‍ത്താന്‍ എന്തായാലും കഥാകാരന്‍ വിജയിച്ചു. ഇടയ്ക്കിടെ പള്ളിയിലെക്കെന്നും പറഞ്ഞു പോവുന്ന എത്സമ്മ്മയുടെ അമ്മ ഹൃദ്രോഗിയനെന്നറിയുമ്പോള്‍ മക്കളെ പോലും ഞെട്ടിക്കാനോ ഹൃദയം തൊടുന്ന രീതിയില്‍ അവതരിപ്പിക്കാനോ ലളിതയെ പോലുള്ള ഒരു നടി ഉണ്ടായിട്ടും തിരക്കഥാക്യത്തിനു കഴിഞ്ഞിട്ടില്ല. ഓ ഇതായിരുന്നോ കാര്യമെന്നെ തോന്നലെ പ്രേക്ഷകര്‍ക്ക് തോന്നു. അവസാനം പാലുകാരന്‍ പാലുണ്ണിയെ തന്നെ കല്യാണം കഴിക്കുമെന്ന് സംവിധായകന്‍ തെളിയിക്കുന്നു. അതിലര്‍ക്കെങ്കിലും ഒരു സംശയം തോന്നിക്കുന്ന വിധത്തില്‍ ഒരു കാര്യവും സിനിമയില്ല തന്നെ.


എത്സമ്മയെ അവതരിപ്പിക്കുന്ന ആന്‍ അഗസ്ത്യന്‍ പുതുമുഖത്തിന്റെ പതര്‍ച്ചയോന്നുമില്ലാതെ അഭിനയിച്ചിട്ടുണ്ട്. എങ്കിലും കഥകാരന്റെ കഴിവില്ലായ്മ എന്ന പറയാനാവു,, ആ കഥാപാത്രത്തിന്റെ വികാര വിക്ഷോഭങ്ങള്‍ തീവ്രതയോടെ അവതരിപ്പിക്കാന്‍ പറ്റിയ ഒരു രംഗം പോലും ഇല്ലാത്ത കാമ്പില്ലാത്ത ഒരു വേഷം മാത്രമായി എല്‍സമ്മ. ഒട്ടും പുതുമയില്ലാത്ത ഒരു കഥ അവതരണത്തില്‍ കൊഴുപ്പിചെടുക്കാനുള്ള ലാല്‍ ജോസിന്റെ ശ്രമം ആദ്യ പകുതിക്ക് ശേഷം പരാജയമായി പോയി.

ഇടുക്കിയിലെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ വശ്യത ഒപ്പിയെടുത്ത ദ്യശ്യങ്ങള്‍ (ക്യാമറ വിജയ്‌ ഉലകനാഥന്‍). മോശമെന്ന് പരയിപ്പിക്കാത്ത താരനിര. അല്‍പം പെണ്ണിലും കുപ്പിയിലും താല്‍പ്പര്യമുള്ള രാഷ്ട്രീയക്കാരനായി ജഗതി ശ്രീകുമാര്‍ തിളങ്ങി. കല്യാണ ബ്രോകര്‍ ആയി വരുന്ന സുരാജ് വെഞ്ഞാറ മൂടിന്റെ തമാശകള്‍ സഹിക്കാന്‍ വയ്യാതെ ആയിരിക്കുന്നു. തമാശ കൊണ്ട് പ്രാന്ത് ആയി എന്ന പറയുന്ന പോലെ എല്ലാ സിനിമയിലും എന്തെങ്കിലും കാണിച്ചു തമാശക്കാരനാണെന്ന് തെളിയിച്ചേ അടങ്ങൂ എന്ന മട്ടിലാണ്‌ പ്രകടനം. കുഞ്ചാക്കേ ബോബന് കിട്ടിയ നല്ലൊരു വേഷം. ഇന്ദ്രജിത്തും ജനാര്‍ദ്ദനനും ശ്രീദേവി ഉണ്ണിയുമെല്ലാം അവരുടെ വേഷം ഭംഗിയാക്കി.

റഫീഖ് അഹമെദ് എഴുതി രാജാമണി സംഗീതം നല്‍കിയ പാട്ടുകള്‍ ഒന്ന് പോലും ഓര്‍മയില്‍ നില്‍ക്കുന്നില്ല. ഒരു ഡാന്‍സും കൂടിയാവാം എന്ന മട്ടില്‍ കൂട്ടിച്ചേര്‍ത്ത ആനും ഇന്ദ്രജിത്തും ചേര്‍ന്നുള്ള ഒരു പാട്ടുരംഗം ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നു.

എല്‍സമ്മ എന്ന പെണ്‍കുട്ടി അത്ര പ്രശ്നങ്ങളും നടകീയതയോന്നുമില്ലാത്ത ആ നാട്ടിലെങ്ങാനും ജീവിച്ചു പോയേനെ. അവളെ പിടിച്ചു 'ആണ്കുട്ടിയക്കാനും' ത്യാഗിയാക്കാനുമൊക്കെ പോകേണ്ട വല്ല കാര്യവുമുണ്ടോ ലാല്‍ ജോസ്? നല്ലൊരു സിനിമ മലയാളികള്‍ക്ക് തരാനുള്ള വല്ല ആഗ്രഹവുമുണ്ടയിരുന്നെങ്കില്‍ നല്ലൊരു കഥ കിട്ടിയിട്ട പോരെ ഈ സാഹസം?


വാല്‍ കഷ്ണം : തല കുനിച്ചു നടക്കാത്ത, കാര്യങ്ങള്‍ വ്യക്തമായി പറയുന്ന, സ്വന്തം കാലില്‍ നില്ക്കുന്ന എതു പെണ്ണും 'ആണ്‍കുട്ടി' ആണെന്ന പിന്തിരിപ്പന്‍ ചിന്താഗതിയില്‍ കടിച്ചു തൂങ്ങുന്ന സിനിമയുടെ ഒടുവിലെങ്കിലും ഒരു തിരുത്ത് ആവാമായിരുന്നു. എല്‍സമ്മ പെണ്‍കുട്ടി തന്നെ ആണെന്ന്.

Sunday, June 13, 2010

ഒരു കൊച്ചുയാത്രക്കൊരുങ്ങുന്നു. ....

Friday, May 21, 2010

കടല്‍ ഭാഷയറിയാത്തവള്‍

(Published on nattupacha.com)


ഇന്നലെ നമ്മുടെ കുഞ്ഞുങ്ങള്‍
സൂര്യന്‍ കണ്ണ് ചിമ്മിയ നേരം നോക്കി
കുന്നു കയറി ആകാശത്തേക്ക് പോയി.
വാതില്ക്കലിരുന്ന ആള്‍സേഷ്യന്‍ നായ
ഒന്നുമറിഞ്ഞില്ല.
കള്ളന്മാര്‍ വരുന്നതും നോക്കി
കണ്ണ് മിഴിച്ചിരുന്നു അവനെ
മടുപ്പ് തിന്നു തുടങ്ങിയിരിക്കുന്നു

നമ്മുടെ ഇരട്ടക്കുട്ടികള്‍ മുലക്കണ്ണ് തിന്നാന്‍ വിശന്നു
പലവട്ടം കരഞ്ഞിട്ടും ഞാനുണര്‍ന്നതെയില്ല .
പാലു ചുരത്താത്ത ഞരമ്പുകളെല്ലാം
വേരോട്ടം നിലച്ചു ചത്തു കിടക്കുന്നു

അതുവരെ കൂടെ വന്ന സ്വപ്നം
നിന്നെ കടല്‍ ചൊരുക്കില്‍ തള്ളിയിട്ടു,
ഉപ്പുവെള്ളത്തില്‍ കാല്‍ നനച്ചു
കയറി പോന്നത് ഞാനറിഞ്ഞു.
കടല്‍ പ്രളയം മുഴുവന്‍ കുടിച്ചു വറ്റിച്ചു
ഓമനേ, മീനുകളെപ്പോലെ
വയര്‍ വീര്‍ത്തു, കണ്ണു തള്ളി
നീ ചത്തു പൊങ്ങും.

എന്റെ ചുണ്ടുകളെ വിഴുങ്ങി
ദാഹം ശമിപ്പിച്ച നിന്റെ ചുണ്ടുകളില്‍
ഉപ്പുവെള്ളത്തിന്റെ വെളുപ്പവശേഷിക്കും
വികാരമേതുമില്ലാതെ മണല്‍ തരികള്‍
അതിനുചുറ്റും അലങ്കാരം തീര്‍ത്തു ചമഞ്ഞു കിടക്കും.
കടല്‍ ഭാഷയറിയാത്ത ഞാനപ്പോളും
സ്വപ്നക്കുഞ്ഞുങ്ങളെ കാത്തു, കാത്തു കിടക്കും.

Monday, April 26, 2010

ഹുസൈനെ പേടിക്കുന്നവരും ഹുസൈന്‍ പേടിപ്പിക്കുന്നവരും

(Published on http://www.nattupacha.blogspot.com/)


ഞങ്ങളുടെ നാട്ടിലൊരു പഴമൊഴിയുണ്ട്. താടിയുള്ള അപ്പനെ പേടി കാണുമെന്നു.
മഖ്‌ബൂല്‍ ഫിദ ഹുസൈന്‍ എന്ന M F ഹുസൈന്‍സാഹിബിനു നല്ല ശൊങ്കന്‍ താടിയുണ്ട്. മുടിയും വടിയും പോരാത്തതിനു വരയുമുണ്ട്. വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല ആവശ്യക്കാരും ആവശ്യത്തിലേറെ സമ്പത്തും വിവാദങ്ങളുമുള്ള ഈ കലാകാരന്‍ ഈയിടെ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത് ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചു ഖത്തര്‍കാരനായപ്പോഴാണ്.ഉടന്‍ തന്നെ പട്ടിക്ക് എല്ലിന്‍ കഷ്ണമെന്ന പോലെ മാധ്യമങ്ങളെല്ലാം ചാടി വീഴുകയും ചെയ്തു.കലാകാരന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദി ക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള ചര്‍ച്ച എന്നതിനേക്കാള്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നതിനെതിരായ ഒരു യുദ്ധമായി മാറി അത്.
ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാനുള്ള ഹുസൈന്റെ തീരുമാനം രാജ്യത്തിന്‌ അപമാനകരമാണെന്ന് കലാകാരന്മാരും ലിബറത്സും വാദിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ച ഒരു വ്യക്തിക്ക് അതില്‍ കുറ്റബോധം പ്രകടിപ്പിക്കാതെ ഇന്ത്യയില്‍ കഴിയാനാവില്ലെന്നായിരുന്നു ഹിന്ദു മതത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത ഒരു വിഭാഗത്തിന് പറയാനുണ്ടായിരുന്നത്. ഒരു ദേശീയ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് വലിയൊരു ലേഖനമെഴുതി ഉത്ഘാടനം ചെയ്ത ആ പ്രചാരണ പരിപാടിയുടെ ലക്‌ഷ്യം എന്ത് തന്നെ ആയിരുന്നെങ്കിലും ആ ചര്‍ച്ച വര്‍ഗീയ സ്വഭാവമുള്ളതായിരുന്നു. ഹുസൈനെതിരായ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ന്യായീകരിക്കാനല്ല, ഈ കാര്യം ഇവിടെ പരാമര്‍ശിച്ചത്.

മാധ്യമങ്ങള്‍ക്ക് ജനങ്ങളെ എത്രത്തോളം ക്രിയാത്മകമായി സ്വാധീനിക്കാനാവുമോ അത്രത്തോളം തന്നെ അവരുടെ മീതെ ആശയങ്ങള്‍ അടിച്ചെല്‍പ്പിക്കാനും കഴിയും.വായിച്ചു നല്ലത് മാത്രം സ്വാംശീകരിക്കാനുള്ള ഒരു സാവകാശമോ, അല്ലെങ്കില്‍ അതിനൊരു അവസരമോ വായനക്കാരന് ലഭിക്കുന്നില്ല എന്ന് വരുന്നു.

ഈയിടെ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്റെ ബുര്‍ഖക്കെതിരായ ഒരു ലേഖനത്തിന്റെ കന്നഡ പരിഭാഷ ഒരു പത്രം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ഉതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.ഗൂഗിളില്‍ തിരഞ്ഞാല്‍ ആര്‍ക്കും കിട്ടുന്ന, വര്‍ഷങ്ങള്‍ക്കു മുമ്പ് ഔട്ട്ലുക് വാരികയില്‍ വന്ന ഒരു ലേഖനം ലോക വനിതാ ദിനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ചപ്പോള്‍ കര്‍ണാടകയിലെ പലയിടങ്ങളില്‍ വര്‍ഗീയ ലഹള പൊട്ടിപുറപ്പെട്ടു.രണ്ടു പേര്‍ ഷിമോഗയില്‍ പോലിസ് വെടി വെപ്പില്‍ കൊല്ലപെട്ടു.

(നിര്‍ഭാഗ്യമെന്നു പറയട്ടേ, ആ സംഭവത്തിന്‌ ശേഷം മുസ്ലിം വിഭാഗത്തിന്റെ എതിര്‍പ്പ് ഭയന്നു ഒരു ബംഗാളി മാഗസിന്‍ അവരുടെ പക്തി നിര്‍ത്തലാക്കുകയും ചെയ്തു.) ഒരു എഴുത്തുകാരിയുടെ തികച്ചും വ്യക്തിപരമായ ഒരു ആശയം ഈ രാജ്യത്തു എവിടെയോ ജീവിക്കുന്ന രണ്ടു പേരുടെ ജീവന് വില പറയാന്‍ മാത്രം കാര്യ ഗൌരവമുളളതായിരുന്നോ? അങ്ങനെയെങ്കില്‍ തന്നെ, ഒരു ജനവിഭാഗത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ആ പഴയ ലേഖനം വീണ്ടും ചര്‍ച്ച ചെയ്യപെടെണ്ടതാണെന്ന് വരുത്തി തീത്തതും അത് രാഷ്ട്രിയ ലാഭത്തിനു ഉപയോഗിക്കാമെന്ന് തീരുമാനിച്ചതും ആരുടെ അജണ്ട യാണ്? തസ്ലിമ ‍ 'ലജ്ജ' എഴുതിയതിനാല്‍ ആട്ടിയോടിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നു. മുഹമ്മധിനെതിരായി കാര്‍ട്ടൂണ്‍ വരച്ച കലാകാരന്‍ മാപ്പ് പറയേണ്ടി വരുന്നു. അപമാനിക്കപ്പെട്ടുവെന്നു കരുതുന്ന മുസ്ലിം മതവിഭാഗ ത്തിനു പ്രതിക്ഷേധിക്കാനുള്ള അവകാശമുണ്ട്‌. അതിലും കുറയാത്ത അവകാശം ഹുസൈന്റെ കാര്യത്തില്‍ ഹിന്ദു മതവിഭാഗത്തിനുമുണ്ട്. കലാകാരനെയും എഴുത്തുകാരനെയും നാടുകടത്താനും തൂക്കിലീടാനുമെന്ന വിധം അത് ഭ്രാന്തമാവരുതെന്നു മാത്രം.




ഹുസൈന്‍ മറ്റൊരു മതത്തിനെതിരായി വരച്ചാല്‍ പ്രതിഷേധമുണ്ടാവുന്നത് ന്യൂനപക്ഷതിനെതിരായ അക്രമമാവുന്നതും, സ്വന്തം മതത്തിനെതിരെ എഴുതിയ തസ്ലിമക്കോ മുഹമ്മദിനെ ചിത്രീകരിച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിനെതിരായോ ഉള്ള പ്രതികരണങ്ങള്‍ സ്വാഭാവികം മാത്രമാണെന്ന് വരുത്തി തീര്‍ക്കുന്നതും ഇരട്ടത്താപ്പാണ്. ഒരു സമുദായ ത്തിനെതിരെ സമരമായി അത്തരം പ്രതിക്ഷേധത്തെ അവതരിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു സമീപനമല്ല.

അത് തുറന്നുപറയുമ്പോള്‍ നിങ്ങളും ഞാനും മതെതരതത്തിന്റെ കളത്തില്‍ നിന്നും പുറത്താവുകയും മതത്തിനെതിരായി ഗൂഢാലോചന നടത്തുന്നവരാണെന്ന് മുദ്ര കുത്തപെടുകയും ചെയ്യപെട്ടെക്കാം. അല്ലെങ്കില്‍ അങ്ങനെ ടാര്‍ഗറ്റ് ചെയ്യപെട്ടെക്കുമെന്നു ഭയപ്പെടുകയെങ്കിലും വേണം.

മാധ്യമ സുഹൃത്തുക്കള്‍ക്കിടയിലെ ഒരു ചര്‍ച്ചക്കിടയിലാണ് ഈ വിഷയത്തെ നോക്കി കാണുന്നതിലെ, അല്ലെങ്കില്‍ ഇത്തരം വിഷയങ്ങള്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നതിനു പിന്നിലെ അപകടകരമായ ഒരു അജണ്ടയെ കുറിച്ച് ചോദ്യങ്ങളു യര്‍ന്നത്‌.

ഒരു മുസ്ലിം സുഹൃത്ത് (മതത്തിന്റെ പേരില്‍ സൌഹൃധം അടയാളപെടുത്തെണ്ടി വന്നതില്‍ ദു:ഖമുണ്ട്.) തികഞ്ഞ മനോവേദനയോടെയും അമര്‍ഷത്തോടെയും പറയുകയുണ്ടായി.ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഏറെ തെറ്റിന്ധരിക്കപെടുകയും പാര്‍ശ്വവല്‍ക്കരിക്കപെടുകയും ചെയ്യപ്പെടുന്ന ഒരു പ്രത്യേക മത വിഭാഗത്തെ കൂടുതല്‍ അരക്ഷിതത്തി ലെക്ക് തള്ളി വിടുകയാണ് ഹുസൈനെ പോലുള്ളവര്‍ ചെയ്യുന്നത് എന്ന്.ഇവിടെ ചര്‍ച്ച ചെയ്യപെടെണ്ട ഒരു വസ്തുതയുണ്ട്.ഹുസൈന്റെ പ്രകോപനപരമായ ചിത്രങ്ങളല്ല പുതിയ വിവാദത്തിന് വഴി വെച്ചത്. ഒരു വ്യക്തി എവിടെ ജീവിക്കണമെന്ന് തീരുമാനിച്ചതിന്റെ പ്രതികരണമായിരുന്നു അതെല്ലാം.
ഹുസൈന് പല കാരണങ്ങള്‍ കൊണ്ട് സ്വന്തം രാജ്യത്ത് താമസിക്കാന്‍ കഴിയാതെ വരുന്നത് ഖേദകരം തന്നെ. പക്ഷെ ഖത്തര്‍ പൌരത്വം സ്വീകരിച്ചതിന്റെ കാരണങ്ങള്‍ മതപരമായിരുന്നില്ല. മൂന്നു സുപ്രധാന പ്രൊജെക്ടുകളുമായി ബന്ധപെട്ടു സ്പോണ്‍സെര്‍ ഷിപ്പും മറ്റു സൌകര്യങ്ങളും ചെയ്തു കൊടുക്കുന്നതിന്റെ ഭാഗമായാണ് ഖത്തറു മായി അത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടെതു. പോരാത്തതിന് NRI ആയിരിക്കുന്നതിന്റെ നികുതിയിളവുകളും മോഹിപ്പിച്ചു. പല ചാനലുകള്‍ക്കായി നല്‍കിയ അഭിമുഖങ്ങളില്‍ ഹുസൈന്‍ തന്നെ വ്യക്തമാക്കിയതാണിത്. ആര് കേള്‍ക്കാന്‍?

ഇവിടെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു.

വ്യക്തമായ സാമ്പത്തികമായ (കലാപരം കൂടിയായിരിക്കാം, തീര്‍ച്ചയായും) ലക്ഷ്യങ്ങളോടെയുള്ള ഒരു തീരുമാനം എടുക്കാന്‍ അദ്ദേഹത്തിനു അവകാശമുണ്ട്.
അദ്ദേഹത്തിനെതിരായി നിലവിലുള്ള കേസുകളും എതിര്‍പ്പുകളും അതിനു പ്രചോദനമായിട്ടൂണ്ടാവുമെന്നു കരുതാം. എന്നിരുന്നാലും, അദ്ദേഹം പറഞ്ഞ കാരണങ്ങളെ വെള്ളത്തില്‍ വരച്ച വര എന്ന പോലെ ത്രിണവല്‍ക്കരിച്ചു ഇന്ത്യക്കാര്‍ ഒരു 'മുസ്ലിം' കലാകാരനെ പൌരത്വമുപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു എന്ന പ്രതീതി ഉണ്ടാക്കിയെടുത്തതിനു പിന്നില്‍ ആര്?

കല പോലും മതത്തിന്റെ കളം വിട്ടു പുറത്തിറങ്ങാന്‍ മടിക്കുന്ന ഇക്കാലത്ത് വര്‍ഗീയതയുടെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഉല്സാഹിക്കുന്നത് രാഷ്ട്രിയക്കാര്‍ മാത്രമല്ല.
മതെതരത്വം എന്നത് ന്യൂനപക്ഷപ്രീണനമെന്നു പഠിപ്പിച്ചു വെച്ച രാഷ്ട്രിയവും മതപരവുമായ ലക്ഷ്യങ്ങളുള്ളവര്‍ ഒരു വിഭാഗത്തെയും പുനരുധീകരിക്കുന്നില്ലെന്നതിനു ചരിത്രം സാക്ഷിയാണ്.
ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പരിലാളനകള്‍ ആവശ്യത്തിലേറെ ആസ്വദിക്കുന്ന, പ്രശസ്തിയും സമ്പത്തും നല്‍കുന്ന സുഖങ്ങളില്‍ അഭിരമിക്കുകയും(അതൊരു കുറ്റമല്ല, തീര്‍ച്ചയായും), അതെ സമയം സമൂഹത്തിലെ വിവിധ പ്രശ്നങ്ങളില്‍ തികഞ്ഞ നിസംഗത പുലര്‍ത്തുകയും ചെയ്യുന്ന

ഒരാളാണ് ഹുസൈന്‍. അദേഹം ഒരു കലാകാരന്‍ മാത്രമാണ്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണു ഇന്ത്യയിലെ പല വിധ പ്രശ്നങ്ങളില്‍ പെട്ടുഴുലുന്ന ഒരു മതവിഭാഗത്തിന്റെ മാത്രം പ്രതിനിധിയാവുന്നത്? മുസ്ലിം മതസ്ഥനാണെങ്കിലും , ആ മത വിഭാഗത്തിനെതിരായ പല സമയങ്ങളിലുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ ഹുസൈന്‍ പ്രതികരിച്ചതായി അറിവില്ല. ഹുസൈന്‍ മതേതര ഇന്ത്യയെ ആണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ മതസ്വഹാര്‍ദ്ദത്തിനു വേണ്ടി എന്തെങ്കിലും ചെയ്തതായും അറിവില്ല. അതെ സമയം, ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളില്‍ കാലാകാലമായി താല്‍പ്പര കല്ക്ഷികള്‍ കുത്തി വെച്ചുണ്ടാക്കിയ വിടവ് വീര്‍പ്പിച്ചു വലുതാക്കുന്ന രീതിയിലുള്ള സംഭാവനകളെ ഹുസൈന്‍ ചെയ്തിട്ടുള്ളൂ എന്നതാണ് സത്യം. അതു മറച്ചു വെച്ച് മതപരമോ ദേശീയമോ ആയ ഒരു ബിംബമായി അദ്ദേഹത്തെ ഉയര്‍ത്തിക്കാണിക്കുന്നതിന്റെ അപകടം മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും മുസ്ലിങ്ങള്‍ അറിയേണ്ടതുണ്ട്. കാരണം, തീവ്ര ഹിന്ദുത്വ വാദികള്‍ക്ക് ഇത്തരം ചിഹ്നങ്ങള്‍ അവരുടെ നിലനില്‍പ്പിനു ആവശ്യമാണ്‌. തീവ്രവാദം എങ്ങനെയാണോ യഥാര്‍ത്ഥ മുസ്ലിമിന്റെ ദൈനം ദിന ജീവിതത്തിലെ സമാധാനം ഒരു കാന്‍സര്‍ എന്ന പോലെ കാര്‍ന്നു തിന്നു അവരെ സുരക്ഷിതരല്ലാ ത്തവരും സംശയത്തിന്റെ മുനയില്‍ ജീവിക്കുന്നവരും ആക്കിയതെന്നതിനു വര്‍ത്തമാനകാല സംഭവങ്ങള്‍ തന്നെ ഉദാഹരണമാണ്.

ഹുസൈനെതിരായ ആരോപണങ്ങളില്‍ പ്രധാനം ഹിന്ദു ദൈവങ്ങളെ നന്ഗ്നമായും അപമാനിക്കുന്ന രീതിയിലും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്.
നഗ്നത പാപമാണെന്ന ധാരണ അടിച്ചെല്‍പ്പിക്കപ്പെട്ട സമൂഹമാണ്‌ നമ്മുടേത്‌. ആ യഥാര്ത്യത്തെ പല രീതിയില്‍ മൂടിവെക്കാന്‍ ശ്രമിക്കുന്ന മാനസികാവസ്ഥയെ വെല്ലു വിളിക്കുന്ന ശ്രമങ്ങളെയെല്ലാം നമ്മള്‍ എതിര്‍ക്കുന്നു.. 'അശ്ലീല'മെന്നു മുദ്ര കുത്തുന്നു. ഹുസൈന്റെ ചിത്രങ്ങളിലെ നഗ്നത ഒരിക്കലും ചോദ്യം ചെയ്യപെടെണ്ടതല്ല.

ഇന്ത്യന്‍ സംസ്കാരത്തിന്റെ ചിഹ്നങ്ങളായി കണക്കാക്കപെടുന്ന ശില്പങ്ങളും ചിത്രങ്ങളും കലയിലെ നഗ്നത ഇരുപത്തോന്നാം നൂറ്റാണ്ടിലെ അത്ഭുത പ്രതിഭാസമോന്നുമല്ലെന്നതിനു തെളിവാണ്.ഹുസൈന്‍ 'അനുകൂലികള്‍' വാദിക്കുന്ന പോലെ ഖജുരാഹോ ചിത്രങ്ങള്‍ ഹിന്ദു ദൈവങ്ങളുടെ നഗ്നതയല്ല പ്രതിനിധാനം ചെയ്യുന്നതെങ്കിലും.

ശ്രീരാമന്‍, സീത, ഹനുമാന്‍ തുടങ്ങിയവരെ കുറിച്ച് പ്രതിപാദിക്കുന്ന പുരാണ കൃതികളു വായിക്കുമ്പോള്‍ സീതയും ഹനുമാനും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന 'കല'യെ സൃഷ്ടിക്കാന്‍ ഉത്ബോധമുണ്ടാവുന്നത് വികലമായ ലൈംഗിക ചോധനയുടെ പ്രതിഫലനം മാത്രമായേ കാണാനാവു. യഥാര്‍ത്ഥ ഇസ്ലാം മതസ്ഥരും ക്രിസ്ത്യാനികളും, അവരെത്ര തന്നെ കലാകാരന്‍റെ അഭിപ്രായസ്വാതന്ത്രം മാനിക്കുന്നവരായാലും, അത്തര മൊരു കലാ സൃഷ്ടിയില്‍ ആഹ്ലാദം കണ്ടെത്തുമെന്ന് കരുതാന്‍ വയ്യ. ഹുസൈന്‍ ഇസ്ലാം മത പ്രവാചകനായ മുഹമ്മദിനെയോ യേശുവിനെയോ നഗ്നരായി വരക്കുന്നതോ, ആ മതവിഭാഗങ്ങളുടെ ദൈവീക സ്ഥാനത്തുള്ളവരുടെ രതി 'വികല'മായ രീതിയില്‍ അവതരിപ്പിക്കുന്നതോ അല്ല ഇതിന്റെ പ്രതിവിധി.

എന്തു വരക്കണമെന്നത് ഹുസൈന്റെ വ്യക്തിപരമായ തീരുമാനം. അത്തരം കല സൃഷ്ടി മഹത്തരമാണെന്നു വാദിക്കുകയും അങ്ങനെ വരച്ചത് കൊണ്ട് മാത്രം ഹുസൈന്‍ മഹാനും ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നിടത്താണ് അപകടം.

ഹുസൈന്‍ നിര്‍മ്മിച്ച സിനിമയിലെ ഒരു ഗാനത്തിന്റെ വരികള്‍ മുസ്ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണമുണ്ടായപ്പോള്‍ അദ്ദേഹം അതു പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഇതേ സമീപനം ഹിന്ദു ദൈവങ്ങളുടെ കാര്യത്തില്‍ ഉണ്ടായില്ല എന്ന് മാത്രമല്ല, ഹിറ്റ്ലരെ നഗ്നനാക്കി വരച്ചതിന്റെ കാരണമായി ഹുസൈന്‍ പറഞ്ഞതായി കേട്ടത് അയാളെ വെറുക്കുന്നു എന്നാണ്.

തീവ്ര ഹിന്ദുത്വമോ ദൈവ സങ്കല്പ്പത്തെ ബിംബവല്ക്കരിക്കുന്നതിനോട് യോജിക്കുകയോ ചെയ്യാത്ത ഒരാള്‍ക്ക്, മതങ്ങളെ മനുഷ്യത്തത്തെ മീതെ പ്രതിഷ്ടിക്കാത്ത ചുരുക്കം ചിലര്‍ക്ക് ചിലതെല്ലാം ചോദിക്കാനുണ്ട്.

കലയ്ക്ക് വേണ്ടി വാദിക്കുന്നവരോടല്ല , ഹുസൈന് വേണ്ടി വാളോങ്ങുന്നവരോടാണ് ചോദ്യം.

ഒരു പ്രത്യേക മതവിഭാഗത്തിന്റെ , അവരുടെ പക്ഷം ഏതുമാവട്ടെ, വിശ്വാസങ്ങളെ 'ബലഹീന'മാക്കി സാമൂഹികമായ ദുരവസ്തയിലേക്ക് എത്തിക്കുന്ന കലാ സൃഷ്ടി എങ്ങനെ മഹാത്തരമാവും?

തന്റെ പ്രതിഭ സാമൂഹികമായ നന്മക്ക് ഉപയോഗിക്കണമോ വേണ്ടയോ എന്നത് വ്യക്തി നിഷ്ടമാണ്. കല കലക്ക് വേണ്ടി മാത്രെമെന്നു (Art for art's sake) വാദിക്കുകയുമാവാം. എങ്കിലും സമൂഹത്തില്‍ സംഘര്‍ഷം (Rift) സൃഷ്ടിക്കുന്ന കലയെ ഉത്പ്പാധിപ്പിക്കുന്ന ഒരാള്‍ എങ്ങനെയാണ് മഹാനാവുന്നത്?

അസംഘടിതമായ ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും പാര്‍ശ്വവല്‍ക്കരിക്കപെട്ട ന്യൂനപക്ഷത്തിനു വേണ്ടി നില കൊള്ളനും അതിനു താല്‍പ്പര്യമുള്ളവര്‍ക്ക് അവകാശമുണ്ട്‌. പരസ്പരം പോരടിക്കാന്‍ മതവും കലയും ചട്ടുകമാക്കി മാറ്റുന്നത് ആര്‍പ്പുവിളികളോടെ സ്വീകരിക്കാന്‍ പുതിയ തലമുറയിലെ പ്രതിനിധികളെ തയ്യാറാക്കിയെടുക്കു ന്നതിനു ഇത്തരം വിവാദങ്ങള്‍ സഹായകരമാവുന്നു എന്നതാണ് ദൌര്‍ഭാഗ്യകരം .

ഹുസൈനെ പോലുള്ള ഇരയെ കാണിച്ചു കൂടുതല്‍ ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ തീവ്ര മതവാദികളും, 'മതേതര ഫണ്ടമെന്റലിസ്റ്റുകളും ( Secular fundamentalists) കൈകോര്‍ത്തിരിക്കുന്നു. അതിലെ കാപട്യം തിരിച്ചറിയാത്തിടത്തോളം ന്യൂനപക്ഷത്തിന്റെ അവകാശസമരങ്ങള്‍ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി തന്നെ നിലനില്‍ക്കൂകയും ആരോഗ്യകരമായ ചെറുത്തുനില്‍പ്പിന്റെ അന്തരീക്ഷം പോലും അപ്രത്യക്ഷമാവുകയും ചെയ്യും.

അത്തരം യുദ്ധങ്ങള്‍ ആവേശം കൊള്ളിക്കുന്നത്‌ മതേതരത്വം അലങ്കാരമായാണിഞ്ഞു വര്‍ഗീയതയുടെ കലക്കവെള്ളത്തില്‍ വോട്ടു പിടിക്കാനിറങ്ങുന്നവരെ മാത്രമാണ്.നെറ്റിയില്‍ രക്തവര്‍ണമുള്ള തിലകവും കയ്യില്‍ ത്രിശൂലമുള്ള 'മത സംരക്ഷക'രുടെ ആര്‍പ്പുവിളിയും മത ഭ്രാന്ത്‌ കൊണ്ട് അന്ധരായി മനുഷ്യക്കുരുതി നടത്തുന്നവരുടെ 'ജിഹാദ് ' വിളിയും മനുഷ്യത്വത്തിന്റെ പച്ചപ്പ്‌ ഇനിയും നഷ്ടമാവാത്തവരുടെ മനസ്സില്‍ നിറക്കുന്ന ആശങ്ക ഒന്നുതന്നെയാണ്

Wednesday, March 24, 2010

കഥ

''മണ്ണ ങ്കട്ടയും കരിയിലയും  കാശിക്കു പോയ കഥ പറയട്ടേ?"
ശങ്കു നിഷേധഭാവത്തില്‍ തലയാട്ടി.
"കട്ടിലകപ്പെട്ടുപ്പോയ രാജകുമാരിയെ രക്ഷിച്ച ചുരുണ്ട
മുടിയുള്ള രാജകുമാരന്ടെ കഥ?
പുച്ഛത്തോടെ അവന്‍ തല വെട്ടിച്ചു.
"വിക്രമാധിത്യന്ടെയും വേതാളത്തിന്ടെയും കഥ?
'"മായാവീടേം ലുട്ടാപ്പീടേം?"
അമ്മയുടെ ശബ്ദം ഇടറിയിരുന്നു.
"ന്നാ ..മിക്കി മൌസിന്ടെ കഥ?"
"അതിനു അമ്മ കാര്‍ട്ടൂണ്‍ കാണാറില്ലല്ലോ?"
ശങ്കു എഴുന്നേറ്റു kurkure -യുടെ പാക്കട്ടുമെടുത്തു ടിവിയുടെ മുമ്പില്‍ പോയിരുന്നു.
ഉരുട്ടിവെച്ച ചോറുരുളകളില്‍ കണ്ണുനീര് വീണ്‌പിടയുന്നതും നോക്കി അമ്മ കഥകല്‍ ഓരോന്നായി വിഴുങ്ങി.

[One of the stories from Jennifarum Poochakkannukalum.)

മരണവണ്ടി

സ്നേഹത്തെക്കുറിച്ച് പാടി
എന്റെ ഒച്ചയടഞ്ഞിരിക്കുന്നു.
മതി. ഇനി വയ്യ.

അവസാനത്തെ കേള്‍വിക്കാരന്‍ മാത്രം
പാതിര വരെ ഉറങ്ങാതിരുന്നു.
വഴി ചോദിച്ച്‌ വന്നതാണ്‌.
ഇരുട്ട് പേടിച്ചെത്തിയ    പൂച്ചക്കുഞ്ഞിന്ടെ ഭാവം.
ഉടുപ്പ് നനവ് കുടിച്ചു ദേഹത്തൊട്ടി
 നിസ്സഹായത വിളിച്ചു പറയുന്നു.

ഒറ്റക്കൊരു വീട്.
പേടി ചിറകിട്ടടിക്കുന്ന വാതിലുകള്‍.
അവസാനത്തെ വണ്ടിയും പോയിരിക്കുന്നു.

ഇനി രാത്രി ഉറങ്ങി  ഉണരും  വരെ കാത്തിരിക്കണം.

പ്രിയപ്പെട്ട യാത്രക്കാരാ...
ഈ ഇരുളിനപ്പുറം ലോകമില്ല.
 മുന്‍വശത്തെ മുറിയില്‍ വിശ്രമിച്ചോളൂ.
ഈച്ച വന്നിരുന്ന ചായക്കോപ്പയും
മീന്‍മുളള് ചിതറിയ പ്ലേറ്റും കഴുകി വെക്കേണ്ടതുണ്ട്.
അവസാനത്തെ അത്താഴം കഴിച്ചതിന്ടെ
 ശേഷിപ്പുകള്‍ തുടച്ചു മാറ്റി ഞാന്‍ ഉടനെയെത്താം
പുലര്‍ച്ചെയുള്ള വണ്ടിയില്‍ തന്നെ മടങ്ങാം.
ഉറങ്ങും മുമ്പ്  മരണത്തെക്കുറിച്ച് ഒരു പാട്ടു കൂടിയാവാം..

Tuesday, March 23, 2010

നഗ്നമായ വാക്ക്

നഗ്നമായ ഒരു വാക്ക്
നടുറോഡില്‍ ആരും കാണാതെ...
മഴകാറ്റു  വീശിയടിച്ചപ്പോള്‍ പറന്നുപോയതാവം
ഉടയാടകള്‍ക്കൊപ്പം നനഞ്ഞു പെയ്തതാവാം
വിഷനാവില്‍ കാമം പുരട്ടി നീ
വരിഞ്ഞു മുറുകവേ ഊര്‍ന്നു വീണതാവാം
തീരാ വേനലുകളുടെ തീ ശയ്യയിലെക്ക്
നഗ്നമായ മുറിവുകള്‍ തുറന്നു വെച്ച്
മുറിവുണങ്ങാത്ത  എന്റെ ഹൃദയമിപ്പോള്‍
കാണാതെ പോയ പ്രണയത്തെ കുറിച്ചു
വാക്കുകളില്ലാതെ എഴുതുകയാണ്...

മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം -- അഷിത എം

(Published on www.nattupacha.com)

എന്റെ പ്രണയത്തെ ദുര്‍ന്നടപ്പുകാരിയെന്നും സാമുഹിക നിയമങ്ങളെയും മതവിലക്കുകളെയും ധിക്കരിച്ചവളെന്നും വിളിക്കുമെന്ന് ഭയന്ന് ഹൃദയത്തെക്കാള്‍ നേര്‍ത്ത തലയണക്കടിയില്‍ കാലങ്ങളോളം ഞാനതിനെ ഒളിപ്പിച്ചുവെച്ചു. ലോകനിയമങ്ങള്‍ മറന്ന് പ്രണയാതുരയായതിന്റെ കുറ്റബോധം മറയ്ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടവളായി.

എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ ആ അടുപ്പം ഞങ്ങള്‍ക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.



പക്ഷെ, അങ്ങനെയൊന്ന് കാലം കാത്തുവെച്ചില്ല. ജയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു യുദ്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ച് ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങള്‍ മുഴുവനും ഇന്ന് മുറിവുകളായി ബാക്കിനില്‍ക്കുന്നു. എങ്കിലും ഇന്ന് ഓര്‍ക്കുമ്പാള്‍ പ്രണയമെന്ന സ്വാഭാവികവും വിശുദ്ധവുമായ വികാരത്തെ വഴിതിരിച്ചുവിടത്തക്കവിധം അല്ലെങ്കില്‍ ആ ഒഴുക്കിനെ പിടിച്ചുനിര്‍ത്തത്തക്കവിധം ശക്തമായ ഒരു മതില്‍ ആയിരുന്നു മതാചാരങ്ങള്‍ തമ്മിലെ ചേര്‍ച്ചയില്ലായ്മ എന്നു മനസ്സിലാക്കുന്നു.ആയിരുന്നു എന്നല്ല ഇന്നും അത് അങ്ങനെയൊക്കെത്തന്നെയാണെന്ന് പല പരിചയക്കാരുടേയും തകര്‍ന്ന ഹൃദയങ്ങള്‍ കണ്ണീരോടെ ഏറ്റുചൊല്ലുന്നു. ഒരുമിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചിട്ടും കഴിയാതെ സമൂഹത്തോട് സമരസപ്പെട്ടും കലഹിച്ചും അകന്ന് പോയവര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ടാവും. 'സംശയത്തിന്റെ നിഴല്‍ വീണ സ്നേഹത്തെ പാടെ പിഴുതെറിയുകയാണ് നല്ലത്. നമ്മള്‍ എത്രനാള്‍ ചെലവിട്ട് നന്നാക്കിയെടുക്കാമെന്ന് കരുതിയാലും സംശയത്തിന്റെ പുഴുക്കുത്ത് മാത്രം ബാക്കിയാവും. മതവിശ്വാസത്തിന്റെ ഭാരം ഈ സ്നേഹത്തെ ബാക്കിവെച്ചേക്കില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു.....'

ഇങ്ങനെയൊരു ഈമെയില്‍ ആണ് എന്റെ സുഹൃത്ത് വീണ ആറുവര്‍ഷത്തിലേറെ നീണ്ടുനിന്ന അവളുടെ പ്രണയബന്ധത്തിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് മറുപടിയായി അയച്ചുതന്നത്. അത്ര കയ്പ്പുനിറഞ്ഞ ബന്ധമൊന്നും അല്ലായിരുന്നു അവളും മുസ്ളീം മതത്തില്‍പെട്ട മുന്നയും തമ്മിലുണ്ടായിരുന്നത്. കര്‍ണ്ണാടകയിലെ ഷിമോഗയില്‍ നിന്നുള്ള വീണ മംഗലാപുരംകാരനായ മുന്നയെ കണ്ടുമുട്ടുന്നത് ഒരു ട്രെയിന്‍ യാത്രക്കിടയിലായിരുന്നു. ബാഗ്ളൂരിലെ ഓഫീസിനടുത്ത് വീട് കണ്ടുപിടിക്കാനും മറ്റും സഹായത്തിനെത്തിയ മുന്നയുമായി പ്രണയത്തിലായതിനു ശേഷമാണ് ഞാന്‍ വീണയെ പരിചയപ്പെടുന്നത്. സ്വാഭാവികമായും, മതത്തിന്റെ അതിര്‍വരമ്പായിരുന്നു സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വൈരുദ്ധ്യങ്ങളെക്കാള്‍ അവരെ വേവലാതിപ്പെടുത്തിയത്. പ്രണയം പലപ്പേഴും വിവേകബുദ്ധികാണിക്കാത്ത തീപേലെയാണ്. ഒരേആശയങ്ങളും സ്വപ്നങ്ങളും ഉള്ള രണ്ടുപേര്‍ വിലക്കുകള്‍ മറന്ന് പ്രണയിച്ചു തുടങ്ങി. ഏതെല്ലാം പ്രതിസന്ധികളുടെ തിരമാലകള്‍ തേടിവന്നാലും ജീവിതക്കടല്‍ ഒരുമിച്ച് നീന്തിക്കടക്കുമെന്ന് അവര്‍ പരസ്പരം പറഞ്ഞിരിക്കണം.



'ഈ സ്നേഹത്തിന് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതിനെക്കുറിച്ചോര്‍ത്ത് ആദ്യമെല്ലാം ഞാന്‍ വേവലാതിപ്പെട്ടിരുന്നു. വിവാഹിതരാവാം എന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. പക്ഷെ അവന്റെ പ്രണയത്തിന് ഇത്രയും നീചവും നിഗൂഢവുമായ ലക്ഷ്യങ്ങളുണ്ടാവുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല....'' വീണ പറഞ്ഞുവരുന്ന പ്രണയത്തിന്റെ നിഗൂഢലക്ഷ്യം ഇന്ന് മാധ്യമങ്ങളിലൂടെ നമുക്ക് പരിചിതമായ ഒന്നാണ്. 'ലൌവ് ജിഹാദ്' എന്ന പേരില്‍ മതപരിവര്‍ത്തനം വിനോദമാക്കിയ 'റോമിയോ'മാര്‍ നമ്മുടെ നാട്ടിലുണ്ടെന്ന് മാധ്യമങ്ങള്‍ കൊട്ടുവാദ്യങ്ങളുടെ അകമ്പടിയോടെ പറഞ്ഞുതന്നപ്പോള്‍ നമ്മള്‍ ഞെട്ടിയില്ല. തീവ്രവാദത്തെക്കുറിച്ചുള്ള വിവാദങ്ങളും ബോംബാക്രമണങ്ങളുമെല്ലാം നമ്മുടെ എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകളുടെ ഭാഗമായിക്കഴിഞ്ഞു. പ്രണയം നടിച്ച് ഒരുമതവിഭാഗത്തിലെ പെണ്‍കുട്ടികളെ പാട്ടിലാക്കി മറ്റൊരു മതത്തിലേക്ക് കളം മാറ്റുന്ന ഒരു റിയാലിറ്റിഷോ'!

ആരെല്ലാമോ വേട്ടക്കാരനും ഇരയുമാക്കപ്പെടുന്നു. വിദ്യാര്‍ത്ഥിക്കളെക്കാളും ജോലിക്കാരെക്കാരെക്കാളും കൂടുതല്‍ കേരളവും ബാഗ്ളൂരും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നത് തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരായതുകൊണ്ട് (അങ്ങനെയാണ് മാധ്യമങ്ങള്‍ നമ്മളോട് പറയുന്നത്) കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ട ലൌജിഹാദ് കര്‍ണ്ണാടകയിലും കോളിളക്കമുണ്ടാക്കി. ദക്ഷിണകനറ ജില്ലയില്‍ നിന്ന് മുസ്ളീം യുവാവിനൊപ്പം കാണാതായ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തിഎന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്റലിജന്റ്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇങ്ങനെയൊരു സംഘം കര്‍ണ്ണാടകയില്‍ പ്രവര്‍ത്തിക്കുന്നില്ല. എങ്കിലും ശ്രീരാമസേനപോലെയുള്ള ഹിന്ദു സംഘടനകള്‍ അത്തരം സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളുമായി രംഗത്തുവന്നിരുന്നു. തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുന്നു

എങ്കിലും, മുന്നയുടെ ബന്ധു ഉള്‍പ്പെട്ട ആ സംഭവത്തിന് ശേഷം അയാളുടെ സ്നേഹത്തെ സംശയിക്കാന്‍ വീണ നിര്‍ബന്ധിതയായി. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ തമ്മില്‍ സൌഹൃദംപോലും പങ്കുവെക്കുന്നത് സംശയദൃഷ്ടിയോടെ കാണുന്ന മതത്തിന്റെ മേല്‍വിലാസമില്ലാതെ വളരുന്ന ഹൃദയബന്ധങ്ങള്‍ തടയുന്നതിനായി പ്രത്യേകസ്ക്വാഡുകള്‍ പോലും പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തില്‍ ഒറ്റയ്ക്ക് പൊരുതാന്‍ പ്രണയത്തിന് ആവില്ലെന്നുവേണം കരുതാന്‍. മനുഷ്യര്‍ തമ്മിലുള്ള വ്യവഹാരങ്ങളെ മതത്തിന്റെ ദുര്‍മേദസ്സ് അശക്തവും അസാദ്യവുമാക്കിക്കൊണ്ടിരിക്കുന്നു.

ലോകം വളരുംതോറും നമുക്ക് ഒന്നില്‍ക്കൂടുതല്‍ മതവിശ്വാസങ്ങള്‍ നമ്മെ സ്വയം അടയാളപ്പെടുത്തുവാന്‍, മറ്റുളളവരില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പല അടയാളങ്ങള്‍ .

മതത്തെഭയന്ന് നമ്മള്‍ പ്രണയം വിഴുങ്ങുമ്പോള്‍ നമ്മള്‍ പരസ്പരം സഹായിക്കാന്‍പോലും മടിക്കുമ്പോള്‍ ആത്യന്തികമായി ജയിക്കുന്നത് മതത്തിന്റെ പേരില്‍ മതത്തെത്തന്നെ ചൂഷണം ചെയ്യുന്നവരാണ്.

മതം ആയുധമാക്കി ജീവിതം യുദ്ധമാക്കിയവര്‍ക്ക് മറ്റെന്താണ് ആവശ്യം?

പിന്‍കുറിപ്പ്:



പേരിട്ടിരുന്നില്ല കണ്ടപ്പോള്‍മുതല്‍

കാരണമില്ലാതെ പിടഞ്ഞഹൃദയം

പേരുചോദിച്ചതുമില്ല.

എല്ലാം പതിവുപോലെ.

പൂക്കളും പുഞ്ചിരിയും ചുംബനങ്ങളും......

നമുക്കിടയിലെ മതിലുകള്‍ തകര്‍ന്നുകൊണ്ടേയിരുന്നു

നിലക്കാത്തഹൃദയമിടുപ്പുകള്‍ക്ക് കാതോര്‍ക്കവെ

നമുക്ക് വെളളചിറകുകള്‍ മുളച്ചു

ആകാശത്തില്‍ മേഘപ്പൂവുകള്‍ക്കിടയില്‍

കിടന്നുനാം പ്രണയം തിന്നു മനം നിറച്ച്

ഹൃദയം നിറഞ്ഞ് ശ്വാസം മുട്ടിയപ്പോള്‍

ഞാന്‍ പെറ്റിട്ടു.

നീയാണ് പേറിട്ടത്

നമ്മുടെ പ്രണയത്തിന്

'ലൌജിഹാദെ'ന്ന് !




NB: ഇതിലെ സംഭവങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കിലും പേരുകള്‍ സാങ്കല്‍പ്പികമാണ്.

Monday, March 22, 2010

പ്രലോഭനം

നക്ഷത്രം നഷ്ടമായവളാണ് ഞാന്‍
ആകാശത്തോളം സ്വപ്നം കാണിച്ചു
 എന്നെ കൊതിപ്പിക്കാന്‍ ശ്രമിക്കരുത്
ആകാശം നഷ്ടമായവളാണ് ഞാന്‍
നക്ഷത്രത്തിളക്കം കണ്ണില്‍ കാത്തുവെച്ചെന്നെ
പ്രലോഭിപ്പിക്കരുത്
വാക്ക് നഷ്ടമായവളാണ് ഞാന്‍
മൌനം കവിതയാക്കി എന്നെ
തിരികെ വിളിക്കരുത്

സന്ധി

സ്നേഹത്തെക്കുറിച്ചുള്ള വാഗ്വാദങ്ങളില്‍ നിന്ന്
ഞാന്‍   പിന്മാറുകയാണ്, സ്വമേധയാ.
മേശക്കിരുവശവുമിരുന്നു ചര്‍ച്ച ചെയ്യാന്‍
ഞാന്‍   നിന്നെ വിളിച്ചതാണ്.
യുദ്ധ തന്ദ്ധ്രങ്ങളില്‍ അഗ്രഗണ്യന്‍ നീ
ഒരുപക്ഷെ, വെടിനിര്‍ത്തലില്‍
വിശ്വസിക്കുന്നുണ്ടാവില്ല.
എങ്കിലും പ്രിയനേ,
സ്നേഹം ചുണ്ടില്‍ നനച്ചു നീ എന്റെ
പനിയെ ശമിപ്പിച്ച  മഴരാത്രി മറന്ന്‍
ഓരോ രാവിലും തിളങ്ങുന്ന നക്ഷത്രo കണ്ണിലോളിപ്പിച്ചു
പുണര്‍ന്ന സ്വോപ്നങ്ങളെ കൊന്ന്,
പക്ഷിയുടെ കൂര്‍ത്ത ചുണ്ടുള്ള പേന കൊണ്ട്
കറുത്ത നിറത്തില്‍ ഒരൊപ്പ് വെക്കണം,
മരവിച്ച ഹൃദയത്തിനു കുറുകെ.
സന്ധിയായി.
ഇനി തര്‍ക്കങ്ങളില്ല.
മുനയൊടിഞ്ഞ ആയുധങ്ങളെല്ലാം ഉറയിലിട്ടു
തല താഴ്ത്തി തിരിഞ്ഞു നടന്നീടണം.
അങ്ങനെ, സ്നേഹത്തെക്കുറിച്ചും നമ്മള്‍ക്കൊന്നും
പറയാനില്ലാതാവുകയാണ്.

Sunday, March 21, 2010

മഴ സാക്ഷി.......

പെരുമഴയില് നനവുള്ള കയ് വിരലു ചെറ്ത്തു പിടിച്ചു കുടേ നടന്നതിന്.....
മഴക്കുഞ്ഞുങ്ങളേക്കുറിച്ചുള്ള സൊപ്നങ്ങളേ ചെറ്ത്തു പിടിച്ചതിന്....
പിന്നെ...ഒരു വേനലിലേക്ക്, അതിനേക്കാള് നീറുന്ന മടുപ്പിലേക്ക് മടങ്ങിയതിന്......
ഒറ്റക്കാക്കിയതിനും ഒറ്റക്കായതിനും.......
മഴ മാത്രം സാക്ഷി.......

കണ്ണ്

 ഇവിടെയീ പാഴ്ക്കൂരിരുളിലൊരു പകലിന്റെ കണ്ണ് പൊട്ടുന്നു......
Friday, January 18, 2008


കടലിനെ സ്നേഹിച്ചവള്‍ക്കൊരു
കവിതയെഴുതുകയാണ് ഞാന്‍...
നിന്റെ കണ്ണിലെ തിരയിളക്കത്തെ
സ്നെഹിച്ചതിനൊരു കുറ്റ സമ്മതം.

Friday, March 12, 2010

ormakal nashtamayavar

നാട് വിട്ടു പോയ ഓര്‍മകളെ തിരിച്ചു പിടിക്കാനായിരുന്നു  ഞാനും നീയും  മറവിയുടെ വലിയ  കുന്നുകള്‍ മുഴുവന്‍ കയറിയിറങ്ങിയത്. നിനക്ക് കിട്ടിയവയെ നീയും എനിക്ക് വേണ്ടി വഴിയില്‍ വീണ്‌കിടന്നവയെ ഞാനും കണ്ടെടുത്തു.  എന്റെ ഓര്‍മകള്‍ക്ക് എല്ലാം  നിന്ടെ  മണം ഉണ്ടായിരുന്നിട്ടും ഞാന്‍  നിന്നോടത് പറഞ്ഞില്ല. ഓര്‍മകളുടെ മുളള് കുത്തി മുറിവുകള്‍ നീറിയിട്ടും നിയും ഒന്നും പറഞ്ഞില്ല.
മറവിയുടെ കുന്നു മരിച്ചവരുടെത് കൂടിയാണെന്ന് അറിഞ്ഞിട്ടും നമ്മള്‍ നിശ്ശബ്ദം കുന്നിറങ്ങി. കാരണം നമ്മള്‍ വാക്കുകള്‍ നഷ്ടപെട്ടവരായിരുന്നു.

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore