Tuesday, March 23, 2010

മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം -- അഷിത എം

(Published on www.nattupacha.com)

എന്റെ പ്രണയത്തെ ദുര്‍ന്നടപ്പുകാരിയെന്നും സാമുഹിക നിയമങ്ങളെയും മതവിലക്കുകളെയും ധിക്കരിച്ചവളെന്നും വിളിക്കുമെന്ന് ഭയന്ന് ഹൃദയത്തെക്കാള്‍ നേര്‍ത്ത തലയണക്കടിയില്‍ കാലങ്ങളോളം ഞാനതിനെ ഒളിപ്പിച്ചുവെച്ചു. ലോകനിയമങ്ങള്‍ മറന്ന് പ്രണയാതുരയായതിന്റെ കുറ്റബോധം മറയ്ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടവളായി.

എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ ആ അടുപ്പം ഞങ്ങള്‍ക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.



പക്ഷെ, അങ്ങനെയൊന്ന് കാലം കാത്തുവെച്ചില്ല. ജയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു യുദ്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ച് ചെറുപ്പത്തില്‍ കണ്ട സ്വപ്നങ്ങള്‍ മുഴുവനും ഇന്ന് മുറിവുകളായി ബാക്കിനില്‍ക്കുന്നു. എങ്കിലും ഇന്ന് ഓര്‍ക്കുമ്പാള്‍ പ്രണയമെന്ന സ്വാഭാവികവും വിശുദ്ധവുമായ വികാരത്തെ വഴിതിരിച്ചുവിടത്തക്കവിധം അല്ലെങ്കില്‍ ആ ഒഴുക്കിനെ പിടിച്ചുനിര്‍ത്തത്തക്കവിധം ശക്തമായ ഒരു മതില്‍ ആയിരുന്നു മതാചാരങ്ങള്‍ തമ്മിലെ ചേര്‍ച്ചയില്ലായ്മ എന്നു മനസ്സിലാക്കുന്നു.ആയിരുന്നു എന്നല്ല ഇന്നും അത് അങ്ങനെയൊക്കെത്തന്നെയാണെന്ന് പല പരിചയക്കാരുടേയും തകര്‍ന്ന ഹൃദയങ്ങള്‍ കണ്ണീരോടെ ഏറ്റുചൊല്ലുന്നു. ഒരുമിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചിട്ടും കഴിയാതെ സമൂഹത്തോട് സമരസപ്പെട്ടും കലഹിച്ചും അകന്ന് പോയവര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ടാവും. 'സംശയത്തിന്റെ നിഴല്‍ വീണ സ്നേഹത്തെ പാടെ പിഴുതെറിയുകയാണ് നല്ലത്. നമ്മള്‍ എത്രനാള്‍ ചെലവിട്ട് നന്നാക്കിയെടുക്കാമെന്ന് കരുതിയാലും സംശയത്തിന്റെ പുഴുക്കുത്ത് മാത്രം ബാക്കിയാവും. മതവിശ്വാസത്തിന്റെ ഭാരം ഈ സ്നേഹത്തെ ബാക്കിവെച്ചേക്കില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു.....'

ഇങ്ങനെയൊരു ഈമെയില്‍ ആണ് എന്റെ സുഹൃത്ത് വീണ ആറുവര്‍ഷത്തിലേറെ നീണ്ടുനിന്ന അവളുടെ പ്രണയബന്ധത്തിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് മറുപടിയായി അയച്ചുതന്നത്. അത്ര കയ്പ്പുനിറഞ്ഞ ബന്ധമൊന്നും അല്ലായിരുന്നു അവളും മുസ്ളീം മതത്തില്‍പെട്ട മുന്നയും തമ്മിലുണ്ടായിരുന്നത്. കര്‍ണ്ണാടകയിലെ ഷിമോഗയില്‍ നിന്നുള്ള വീണ മംഗലാപുരംകാരനായ മുന്നയെ കണ്ടുമുട്ടുന്നത് ഒരു ട്രെയിന്‍ യാത്രക്കിടയിലായിരുന്നു. ബാഗ്ളൂരിലെ ഓഫീസിനടുത്ത് വീട് കണ്ടുപിടിക്കാനും മറ്റും സഹായത്തിനെത്തിയ മുന്നയുമായി പ്രണയത്തിലായതിനു ശേഷമാണ് ഞാന്‍ വീണയെ പരിചയപ്പെടുന്നത്. സ്വാഭാവികമായും, മതത്തിന്റെ അതിര്‍വരമ്പായിരുന്നു സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വൈരുദ്ധ്യങ്ങളെക്കാള്‍ അവരെ വേവലാതിപ്പെടുത്തിയത്. പ്രണയം പലപ്പേഴും വിവേകബുദ്ധികാണിക്കാത്ത തീപേലെയാണ്. ഒരേആശയങ്ങളും സ്വപ്നങ്ങളും ഉള്ള രണ്ടുപേര്‍ വിലക്കുകള്‍ മറന്ന് പ്രണയിച്ചു തുടങ്ങി. ഏതെല്ലാം പ്രതിസന്ധികളുടെ തിരമാലകള്‍ തേടിവന്നാലും ജീവിതക്കടല്‍ ഒരുമിച്ച് നീന്തിക്കടക്കുമെന്ന് അവര്‍ പരസ്പരം പറഞ്ഞിരിക്കണം.



'ഈ സ്നേഹത്തിന് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതിനെക്കുറിച്ചോര്‍ത്ത് ആദ്യമെല്ലാം ഞാന്‍ വേവലാതിപ്പെട്ടിരുന്നു. വിവാഹിതരാവാം എന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. പക്ഷെ അവന്റെ പ്രണയത്തിന് ഇത്രയും നീചവും നിഗൂഢവുമായ ലക്ഷ്യങ്ങളുണ്ടാവുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല....'' വീണ പറഞ്ഞുവരുന്ന പ്രണയത്തിന്റെ നിഗൂഢലക്ഷ്യം ഇന്ന് മാധ്യമങ്ങളിലൂടെ നമുക്ക് പരിചിതമായ ഒന്നാണ്. 'ലൌവ് ജിഹാദ്' എന്ന പേരില്‍ മതപരിവര്‍ത്തനം വിനോദമാക്കിയ 'റോമിയോ'മാര്‍ നമ്മുടെ നാട്ടിലുണ്ടെന്ന് മാധ്യമങ്ങള്‍ കൊട്ടുവാദ്യങ്ങളുടെ അകമ്പടിയോടെ പറഞ്ഞുതന്നപ്പോള്‍ നമ്മള്‍ ഞെട്ടിയില്ല. തീവ്രവാദത്തെക്കുറിച്ചുള്ള വിവാദങ്ങളും ബോംബാക്രമണങ്ങളുമെല്ലാം നമ്മുടെ എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകളുടെ ഭാഗമായിക്കഴിഞ്ഞു. പ്രണയം നടിച്ച് ഒരുമതവിഭാഗത്തിലെ പെണ്‍കുട്ടികളെ പാട്ടിലാക്കി മറ്റൊരു മതത്തിലേക്ക് കളം മാറ്റുന്ന ഒരു റിയാലിറ്റിഷോ'!

ആരെല്ലാമോ വേട്ടക്കാരനും ഇരയുമാക്കപ്പെടുന്നു. വിദ്യാര്‍ത്ഥിക്കളെക്കാളും ജോലിക്കാരെക്കാരെക്കാളും കൂടുതല്‍ കേരളവും ബാഗ്ളൂരും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നത് തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരായതുകൊണ്ട് (അങ്ങനെയാണ് മാധ്യമങ്ങള്‍ നമ്മളോട് പറയുന്നത്) കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ട ലൌജിഹാദ് കര്‍ണ്ണാടകയിലും കോളിളക്കമുണ്ടാക്കി. ദക്ഷിണകനറ ജില്ലയില്‍ നിന്ന് മുസ്ളീം യുവാവിനൊപ്പം കാണാതായ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തിഎന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്റലിജന്റ്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇങ്ങനെയൊരു സംഘം കര്‍ണ്ണാടകയില്‍ പ്രവര്‍ത്തിക്കുന്നില്ല. എങ്കിലും ശ്രീരാമസേനപോലെയുള്ള ഹിന്ദു സംഘടനകള്‍ അത്തരം സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളുമായി രംഗത്തുവന്നിരുന്നു. തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുന്നു

എങ്കിലും, മുന്നയുടെ ബന്ധു ഉള്‍പ്പെട്ട ആ സംഭവത്തിന് ശേഷം അയാളുടെ സ്നേഹത്തെ സംശയിക്കാന്‍ വീണ നിര്‍ബന്ധിതയായി. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ തമ്മില്‍ സൌഹൃദംപോലും പങ്കുവെക്കുന്നത് സംശയദൃഷ്ടിയോടെ കാണുന്ന മതത്തിന്റെ മേല്‍വിലാസമില്ലാതെ വളരുന്ന ഹൃദയബന്ധങ്ങള്‍ തടയുന്നതിനായി പ്രത്യേകസ്ക്വാഡുകള്‍ പോലും പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തില്‍ ഒറ്റയ്ക്ക് പൊരുതാന്‍ പ്രണയത്തിന് ആവില്ലെന്നുവേണം കരുതാന്‍. മനുഷ്യര്‍ തമ്മിലുള്ള വ്യവഹാരങ്ങളെ മതത്തിന്റെ ദുര്‍മേദസ്സ് അശക്തവും അസാദ്യവുമാക്കിക്കൊണ്ടിരിക്കുന്നു.

ലോകം വളരുംതോറും നമുക്ക് ഒന്നില്‍ക്കൂടുതല്‍ മതവിശ്വാസങ്ങള്‍ നമ്മെ സ്വയം അടയാളപ്പെടുത്തുവാന്‍, മറ്റുളളവരില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പല അടയാളങ്ങള്‍ .

മതത്തെഭയന്ന് നമ്മള്‍ പ്രണയം വിഴുങ്ങുമ്പോള്‍ നമ്മള്‍ പരസ്പരം സഹായിക്കാന്‍പോലും മടിക്കുമ്പോള്‍ ആത്യന്തികമായി ജയിക്കുന്നത് മതത്തിന്റെ പേരില്‍ മതത്തെത്തന്നെ ചൂഷണം ചെയ്യുന്നവരാണ്.

മതം ആയുധമാക്കി ജീവിതം യുദ്ധമാക്കിയവര്‍ക്ക് മറ്റെന്താണ് ആവശ്യം?

പിന്‍കുറിപ്പ്:



പേരിട്ടിരുന്നില്ല കണ്ടപ്പോള്‍മുതല്‍

കാരണമില്ലാതെ പിടഞ്ഞഹൃദയം

പേരുചോദിച്ചതുമില്ല.

എല്ലാം പതിവുപോലെ.

പൂക്കളും പുഞ്ചിരിയും ചുംബനങ്ങളും......

നമുക്കിടയിലെ മതിലുകള്‍ തകര്‍ന്നുകൊണ്ടേയിരുന്നു

നിലക്കാത്തഹൃദയമിടുപ്പുകള്‍ക്ക് കാതോര്‍ക്കവെ

നമുക്ക് വെളളചിറകുകള്‍ മുളച്ചു

ആകാശത്തില്‍ മേഘപ്പൂവുകള്‍ക്കിടയില്‍

കിടന്നുനാം പ്രണയം തിന്നു മനം നിറച്ച്

ഹൃദയം നിറഞ്ഞ് ശ്വാസം മുട്ടിയപ്പോള്‍

ഞാന്‍ പെറ്റിട്ടു.

നീയാണ് പേറിട്ടത്

നമ്മുടെ പ്രണയത്തിന്

'ലൌജിഹാദെ'ന്ന് !




NB: ഇതിലെ സംഭവങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കിലും പേരുകള്‍ സാങ്കല്‍പ്പികമാണ്.

No comments:

Post a Comment

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore