Friday, May 21, 2010

കടല്‍ ഭാഷയറിയാത്തവള്‍

(Published on nattupacha.com)


ഇന്നലെ നമ്മുടെ കുഞ്ഞുങ്ങള്‍
സൂര്യന്‍ കണ്ണ് ചിമ്മിയ നേരം നോക്കി
കുന്നു കയറി ആകാശത്തേക്ക് പോയി.
വാതില്ക്കലിരുന്ന ആള്‍സേഷ്യന്‍ നായ
ഒന്നുമറിഞ്ഞില്ല.
കള്ളന്മാര്‍ വരുന്നതും നോക്കി
കണ്ണ് മിഴിച്ചിരുന്നു അവനെ
മടുപ്പ് തിന്നു തുടങ്ങിയിരിക്കുന്നു

നമ്മുടെ ഇരട്ടക്കുട്ടികള്‍ മുലക്കണ്ണ് തിന്നാന്‍ വിശന്നു
പലവട്ടം കരഞ്ഞിട്ടും ഞാനുണര്‍ന്നതെയില്ല .
പാലു ചുരത്താത്ത ഞരമ്പുകളെല്ലാം
വേരോട്ടം നിലച്ചു ചത്തു കിടക്കുന്നു

അതുവരെ കൂടെ വന്ന സ്വപ്നം
നിന്നെ കടല്‍ ചൊരുക്കില്‍ തള്ളിയിട്ടു,
ഉപ്പുവെള്ളത്തില്‍ കാല്‍ നനച്ചു
കയറി പോന്നത് ഞാനറിഞ്ഞു.
കടല്‍ പ്രളയം മുഴുവന്‍ കുടിച്ചു വറ്റിച്ചു
ഓമനേ, മീനുകളെപ്പോലെ
വയര്‍ വീര്‍ത്തു, കണ്ണു തള്ളി
നീ ചത്തു പൊങ്ങും.

എന്റെ ചുണ്ടുകളെ വിഴുങ്ങി
ദാഹം ശമിപ്പിച്ച നിന്റെ ചുണ്ടുകളില്‍
ഉപ്പുവെള്ളത്തിന്റെ വെളുപ്പവശേഷിക്കും
വികാരമേതുമില്ലാതെ മണല്‍ തരികള്‍
അതിനുചുറ്റും അലങ്കാരം തീര്‍ത്തു ചമഞ്ഞു കിടക്കും.
കടല്‍ ഭാഷയറിയാത്ത ഞാനപ്പോളും
സ്വപ്നക്കുഞ്ഞുങ്ങളെ കാത്തു, കാത്തു കിടക്കും.

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore