Thursday, October 7, 2010

penjeevitham

ഒരു 'വെറും' പെണ്‍ കഥ -- published on http://www.nattupacha.com/


സുഹൃത്തേ, ഞാനൊരു പെണ്ണാണ്‌.

പെണ്ണെന്നു വെച്ചാല്‍ സിനിമയിലൊക്കെ കേള്‍ക്കുന്ന പോലെ ' ഓ നീ വെറുമൊരു പെണ്ണ്' എന്ന് നിങ്ങള്‍ രഹസ്യമായെങ്കിലും പുച്ഛിച്ചേക്കാം. പറഞ്ഞിട്ട് കാര്യമില്ല.

നമ്മുടെ നാട്ടിലെ ഒരു വിധം പെണ്ണുങ്ങളുടെയെല്ലാം ജീവിതം ഒരു 'വെറും' പെണ്‍ ജീവിതം തന്നെയാണ്. ഇത് ഇത്ര പറയാന്‍ മാത്രമുണ്ടോ എന്ന് വാദിച്ചേക്കാം. ഒരു പെണ്‍ കഥ ചുരുക്കി പറയുമ്പോള്‍ ചിലതെല്ലാം വിട്ടു പറയാന്‍ പറ്റില്ലല്ലോ. എങ്കിലും സുഹൃത്തേ ഇത്രയെങ്കിലും പറയുന്നത് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.




പെണ്ണായി പിറന്നു. ഓരോ കുഞ്ഞു പിറക്കുമ്പോഴും അത് ആണ്‍കുഞ്ഞായിരിക്കുമെന്ന ഒരു 'നിര്‍ദോഷമായ' പ്രതീക്ഷ അന്തരീക്ഷത്തില്‍ പാറിനടക്കുന്നണ്ടാവും. കുറ്റം പറയാനാവില്ല. ചുറ്റും പെരുകുന്ന ബാധ്യതകളോടുള്ള അച്ഛന്റെയും അമ്മയുടെയും വേവലാതികള്‍ എനിക്കൊപ്പം വളര്‍ന്നു. എപ്പോഴും കുഞ്ഞുടുപ്പുകളില്‍ പൊതിഞ്ഞും കവിളില്‍ പൊട്ടു കുത്തിയും അമ്മയെന്നെ 'പെണ്‍കുട്ടിയാക്കി'.

ഇടയ്ക്കിടെ മകള്‍ ഇത്തിരി കറുത്ത് പോയതിന്റെ സങ്കടങ്ങള്‍ അയല്‍ക്കാരോട് പങ്കുവെച്ചു. തൊലി അല്പം കറുപ്പിച്ചു വിട്ട ദൈവത്തിന്റെ കുരുത്തക്കേടിനു കുറെ സഹിക്കേണ്ടി വന്നത് കൊണ്ടാവാം. കറുപ്പിന്റെ ഏഴഴക് കണ്ടെത്താന്‍ ഒരാള്‍ വരാന്‍ മുപ്പതു വര്‍ഷത്തോളം പുരനിറഞ്ഞു കെട്ടാച്ചരക്കായി കാത്തുനില്‍ക്കേണ്ടി വന്ന കാലം അത്ര പെട്ടെന്നൊന്നും മറക്കാനാവില്ലല്ലോ?

അമ്മ പറയും പോലെ, ഒന്നോര്‍ത്താല്‍ കറുത്ത പെണ്ണുങ്ങളുടെ ജീവിതം എത്ര അലക്കിയാലും വെളുക്കാത്ത വിഴുപ്പു പോലെയാണ്.

എങ്കിലും പറയാതിരിക്കാന്‍ വയ്യ. എത്ര പേരുടെ സന്‍മനസ്സു കൊണ്ടാണ് ഒരു പെണ്‍ ജീവിതം പിച്ച വെച്ച് തുടങ്ങുന്നത്!

തമിഴ് നാട്ടിലെ ഉള്‍ഗ്രാമങ്ങളിലെ ചില അമ്മ മാരെ പോലെ നെന്മണി വായിലിട്ട്, കൊന്ന് കളഞ്ഞില്ലല്ലോ! വഴിയോരത്തെവിടെയെങ്കിലും വലിച്ചെറിയാന്‍ ചുറ്റുമുള്ളവര്‍ നിര്‍ബന്ധിച്ചില്ലല്ലോ !

മുറ്റത്തെ മാവിന്‍ ചുവടായിരുന്നു കളിസ്ഥലം.

ലിംഗവിവേചനത്തിന്റെ ആദ്യ പാഠങ്ങള്‍ ജീനുകളില്‍ തന്നെ കുടി കൊള്ളുന്നു. സമൂഹത്തില്‍ പെണ്ണിടങ്ങള്‍ നിശ്ചയിക്കപെടുന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണെന്ന പാഠം പഠിച്ചു തുടങ്ങുന്നത് ഇവിടെ നിന്നാണ്.

മണ്ണ് കൊണ്ട് അതിരിട്ട വീടായിരുന്നു. ഞാന്‍ അടുപ്പ് കൂട്ടി അടുക്കളയും അകത്തളങ്ങളും ഒരുക്കുമ്പോള്‍ ആണ്‍ പ്രജകള്‍ പുറത്തേക്കുള്ള വാതിലുകളും ജനലുകളും അടയാളപ്പെടുത്തി.

ഭക്ഷണം തേടിപിടിച്ചു കൊണ്ട് വരേണ്ടതിന്റെ ചരിത്ര നിയോഗം തിരിച്ചറിഞ്ഞു അവര്‍ പുറം ലോകങ്ങളിക്ക് യാത്രകള്‍ പോയി.

കയ്യും കണ്ണും പോയ പെണ്‍പാവക്കുട്ടികളെ തോളിലേറ്റി ഉടുപ്പിനു മീതെ ചുറ്റിയ ദുപ്പട്ടയൊതുക്കി വല്ലപ്പോഴും 'ബാക്ക് സീറ്റിലിരുന്നു' ഞാന്‍ പുറം ലോകം കണ്ടു.

വലുതാവുമ്പോള്‍ അമ്മയെ പോലെ സാരി ചുറ്റി, ചോറും കൂട്ടാനും വെച്ച് വീട് വൃത്തിയാക്കി, വീട്ടുകാരെ നോക്കി ജീവിക്കുന്നതിനെ കുറിച്ച് സ്വപങ്ങള്‍ കണ്ടു. കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ഒരു ടീച്ചറോ മറ്റോ ആവാമെന്ന സ്വപ്നം തന്നത് സാരി എന്ന അത്ഭുത തുണി ക്കഷ്ണമാണ്.
തുണിയലക്കി, പാത്രങ്ങള്‍ കഴുകി ജീവിതത്തിന്റെ എച്ചില്‍ മണവും അഴുക്കുകളും കൂടികലര്‍ന്ന ജീവിത പാഠങ്ങള്‍ ഞാന്‍ പഠിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍, ആണ്‍കൂട്ടം ജീവിതം ഒരു ആഘോഷതിമിര്‍പ്പോടെ, ഒരു പന്തുകളിയിലെന്ന പോലെ തട്ടിക്കളിച്ചു.

സ്വതന്ത്രമായ ചലനങ്ങളോടെ ഓടിക്കളിക്കാതിരിക്കാനും ഉറക്കെ ചിരിച്ചു നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതിരിക്കാനും പല കണ്ണുകളുടെ മേല്നോട്ടമുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയില്‍ നിന്നും സ്ത്രീയിലേക്കുള്ള വളര്‍‍ച്ച ഒരു ഉയര്‍ച്ചയല്ല സുഹൃത്തേ. ഫാള്‍ ഇന്‍ ലവ് എന്നൊക്കെ പറയുന്ന പോലെ കുറച്ചു സ്വാതന്ത്ര്യങ്ങളില്‍ നിന്നും കൂടുതല്‍ വിലക്കുകളിലേക്കുള്ള ഒരു വളര്‍ച്ചയാണ്. ആര്‍ത്തവ രക്തത്തിന്റെ നനവില്‍ ഒരു കൌമാരക്കാരി വിറയലോടെ തിരിച്ചറിയുന്നത്‌ ഒരു പെണ്‍ജീവിതത്തിന്റെ പല വേദനകള്‍ കൂടിയാണെന്ന് പറയുന്നത് അതിശയോക്തിയാവില്ല.

വഴി നീളെ പിന്തുടരുന്ന കണ്ണുകളെ വിവശതയോടെയും പേടി കലര്‍ന നാണത്തോടെയും സ്വീകരിച്ചു. എനിക്ക് മുമ്പേ നടന്ന കാലടികളില്‍ പ്രണയത്തിന്റെ മാത്രമല്ല, വിരഹത്തിന്റെയും ചതിയുടെയും പാടുകളുണ്ട്. ബലാത്സംഗങ്ങളുടെ, സ്ത്രീധന മരണങ്ങളുടെ, അച്ഛന്‍ മകളെ പിച്ചിക്കീറുന്നതിന്റെ വാര്‍ത്തകളിലൂടെ പുലര്‍ന്ന ദിനങ്ങളിലെല്ലാം അരക്ഷിതത്വം കുളത്തിലെ പായല്‍ പോലെ എന്നെ പൊതിഞ്ഞു നിന്നു. എന്നിട്ടും ആണ്‍സ്വരത്തിന്റെ ഇടര്‍ച്ചയേയും, മുഴക്കത്തെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നത് കഴിവുകേടാണെന്ന് നീ പറയരുത്. നിന്റെ പ്രണയത്തിനു നിറം ചേര്‍ത്ത് കൊണ്ടാണ് ഞാന്‍ എന്റെ ജിവിതത്തെ തിരിച്ചറിയുന്നത്‌. നിന്റെ ശരീരത്തിന്റെ മാത്രം പ്രണയം അതു കൊണ്ടാണ് പലപ്പോഴും ഞാന്‍ അറിയാതെ പോയത്.
ശരീരത്തെക്കുറിച്ച് വേവലാതിപ്പെടാതെ ഒരു പെണ്ണിന്റെയും പകലിരുട്ടി വെളുക്കുന്നില്ല സുഹൃത്തേ. ഓ ഈ പെണ്ണുങ്ങള്‍ക്ക് എന്താണ് ഇത്ര പ്രശ്നമെന്തെന്നു ചോദിച്ചേക്കാം! ചുമലില്‍ നിന്നൂര്‍ന്നു വീഴുന്ന ദുപ്പട്ടയെക്കുറിച്ചുള്ള ആധിയില്‍ തുടങ്ങി, ഒന്ന് കുനിയുമ്പോള്‍, ഹോട്ടലുകളുടെ വാഷ്‌ റൂമില്‍, തുണിക്കടകളുടെ ട്രയല്‍ റൂമുകളില്‍ തുറന്നു വെച്ചേക്കാവുന്ന കാമറക്കണ്ണുകള്‍ ജീവിതത്തെ തകര്‍ത്തു കളയുമെന്ന് ഭയപെടാതെ എങ്ങനെ ജീവിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്?

പെണ്ണിനെ ശരീരത്തിന്റെ അളവുകളിലൊതുക്കി മാത്രം കാണുന്നതില്‍ നിന്നു കുറെയൊക്കെ മാറിയെന്നു നിങ്ങള്‍ സമ്മതിച്ചേക്കും. നല്ല സൌഹൃദങ്ങളുണ്ട്, പ്രണയങ്ങളുണ്ട്. എല്ലാ ബന്ധങ്ങളുടെയും ഊഷ്മളത മനസ്സിലാക്കി തന്നത് കരുത്തുള്ള, ആണത്തമുള്ള ചില മനസ്സുകളാണ്. എന്നിരുന്നാലും, പറയാതെ വയ്യ, അദൃശ്യമായ ഒരു ചരടിനാല്‍ ബന്ധിപ്പിക്കപ്പെട്ട നാം, ഓരോ നിമിഷവും തെറ്റിദ്ധരിക്കപ്പെട്ടു. നീ ആണും ഞാന്‍ പെണ്ണും ആയതിനാല്‍ നമുക്ക് പാഥേയം പങ്കു വെക്കുവാന്‍ മരത്തണലുകളില്ല. നമുക്കിടയില്‍ ഒരിക്കലും ജനിക്കാത്ത പ്രേമത്തെ, കാമത്തെ. ഈ സമൂഹമെങ്ങനെയാണ് ഭൂത കണ്ണാടി വെച്ച് കണ്ടുപിടിച്ചത്? വര്‍ഷമെത്ര കഴിഞ്ഞാലും, ഭാരതപുഴയിലെത്ര വെള്ളമൊഴുകിയാലും ആണ്‍ പെണ്‍ സൌഹൃദങ്ങള്‍ക്ക് ആയുസ്സില്ലാതെ പോവുന്നു. പറന്നുയരാന്‍ ശ്രമിക്കുമ്പോളെല്ലാം കാലുകളില്‍ മുറുകുന്ന അദൃശ്യമായ കെട്ടുപാടുകളെ കുറിച്ച് ഓര്‍ത്തു വേദനിക്കുന്ന ഒരായിരം മനസ്സുകളുണ്ട്‌.
നാട് വിട്ടു പല സ്ഥലങ്ങളില്‍ പോയി പഠിക്കുന്നതും ജോലി ചെയ്യുന്നതും ദൂരയാത്രകള്‍ ചെയ്യുന്നതുമെല്ലാം ഞങ്ങള്‍ ചോദിച്ചു വാങ്ങിയ സ്വാതന്ത്ര്യങ്ങളാ‍ാണ്. എങ്കിലും രാത്രിയാത്ര ചെയ്യുന്ന പെണ്ണ് അന്നും ഇന്നും 'അപഥ സഞ്ചാരിണിയും' എന്തിനും തുനിഞ്ഞ് ഇറങ്ങിയവളും ഒക്കെ തന്നെ ആണ്. അല്ലെങ്കില്‍, ബസ്‌ സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെ തേടിവരുന്ന സംശയ ദൃഷ്ടികളുടെയും വൃത്തി കെട്ട കമന്റുകളുടെയുമൊക്കെ എണ്ണം ഇത്തിരിയെങ്കിലും കുറഞ്ഞേനെ.
സുഹൃത്തേ, ഞങ്ങള്‍ ജോലി ചെയ്യുന്നുണ്ട്. വായിക്കുകയും ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും ബന്ധങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഭര്‍ത്താവിനെയും കുട്ടികളെയും പരിചരിക്കുന്നതിനും അടുക്കളപ്പണി ചെയ്യുന്നതിനപ്പുറം ഞങ്ങള്‍ക്ക് ജീവിതത്തെ കുറിച്ച്, കുടുംബത്തെ കുറിച്ച്, ലൈംഗിഗ്കതയെകുറിച്ചു ചില സങ്കല്പ്പങ്ങളുണ്ട്.
ഞങ്ങളുടെ സ്വാതന്ത്ര്യം ചിലര്‍ ബ്രാ കത്തിച്ചും ആണുങ്ങളെ വെറുക്കുന്ന 'ഫെമിനിസം' പറഞ്ഞും മാത്രം സ്ഥാപിച്ചെടുത്തതല്ല, സുഹൃത്തെ, ഒന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു. കാറ്റു കടക്കുന്ന മുറികള്‍ മോഹിച്ചു, ചരടുകളില്ലാത്ത ബന്ധങ്ങള്‍ ആഗ്രഹിച്ചു, സ്വപനങ്ങള്‍ക്ക് ചോരയും നീരും കൊടുത്ത് ഞങ്ങളും ഈ ജീവിക്കുകയാണ് ഈ പെണ്‍ജീവിതം.

എല്‍സമ്മ എന്ന പെണ്‍കുട്ടി - movie review

എല്‍സമ്മ എന്ന പെണ്‍കുട്ടിക്കെന്താണ് കുഴപ്പം? -- Published on http://www.nattupacha.com/




ഒരു പേരിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഉള്ളത് പറയണമല്ലോ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന പേരിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ് ലാല്‍ ജോസിന്റെ പുതിയ പടം കാണാന്‍ തീരുമാനിച്ചത്. ക്ലാസ്മേറ്റ്സും മീശമാധവനും പോലുള്ള പുതുമയുള്ള സിനിമകള്‍ തന്ന ലാല്‍ ജോസ് അത്ര സുഗന്ധം പരത്താത്ത നീലത്താമര കാണിച്ചു നിരാശപെടുതിയെങ്കിലും അതിലെ പാട്ടുകള്‍ ഇമ്പ മുള്ളതായിരുന്നു. പറഞ്ഞു വരുന്നത് എല്‍സമ്മ ഓര്‍ത്തു വെക്കാന്‍ കൊള്ളാവുന്ന ഒരു പാട്ടു പോലും പാടിയില്ല എന്നാണ്.

എല്‍സമ്മ എന്ന പെണ്‍കുട്ടിക്ക് എന്താണ് കുഴപ്പം?

അച്ഛന്‍ മരിച്ചുപോയി. അമ്മ രോഗിയും കര്യപ്രപ്തിയുമില്ലാത്തവള്‍. മൂന്ന് അനിയത്തിമാരുടെയും കാര്യങ്ങള് നോക്കണം. അയല്‍വക്കത്തെ പാപ്പന്റെ (നെടുമുടി വേണു ) വീട്ടില്‍ പണ്ട് റബ്ബര്‍ വെട്ടാന്‍ വന്നതിന്റെ പേരില്‍ അച്ഛന് കിട്ടിയ വീടിലാണ് താമസം. രാവിലെ എണീറ്റ്‌ പത്രം വില്‍ക്കാന്‍ പോകുന്നു. മാതൃഭൂമി പത്രത്തിന്റ താല്‍ക്കാലിക പ്രാദേശിക ലേഖിക കൂടിയയത് കൊണ്ട് ബാലന്‍ പിള്ള സിറ്റി എന്ന ഗ്രാമത്തിലെ നാട്ടുകാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. (അതുകൊണ്ട് മാത്രം രാഷ്ട്രീയക്കാരും ഗുണ്ടകളും പോരാത്തതിനു പോലീസുമൊക്കെ ചൊല്‍പ്പടിക്ക് നില്‍ക്കുമെന്ന് പറയുന്നത് ഇത്തിരി കടന്ന കയ്യായി പോയില്ലേ എന്ന് തിരക്കഥാക്യത്ത് സിന്ധു രാജിനോട് ആരും ചോദിച്ചുപോവും. കേരളത്തില്‍ തന്നെയല്ലേ ആ ഗ്രാമം?)

ആവശ്യത്തിനു ആത്മവിശ്വാസമുണ്ട്. കാര്യവിവരവും ധൈര്യവുമുണ്ട്. സുഹൃത്തും പാല്ക്കാരനുമായ പാലുണ്ണിയോട് (കുഞ്ചാക്കോ ബോബന്‍) ഉള്ളില്‍ സ്നേഹമുണ്ടെങ്കിലും പ്രണയവിവശയായി നടക്കുന്നില്ല. ആരോടും പ്രണയമില്ലെന്നു തെളിയിക്കാന്‍ എല്‍സമ്മ ചില നാടകങ്ങളൊക്കെ കാണിക്കുന്നുണ്ട്. അനിയത്തിമാരെ വളക്കാന്‍ നോക്കുന്ന പൂവാലന്മാരെ ഓടിക്കാനും അവരെ പഠിപ്പിക്കാന്‍ വേണ്ടി പത്താം ക്ലാസ്സ്‌ തോറ്റു എന്ന് കള്ളം പറഞ്ഞു പഠിത്തം നിര്‍ത്തി ചില ത്യാഗങ്ങളൊക്കെ ചെയ്യുന്നുണ്ട്. കള്ളു വാറ്റു ന്നതിനും കുന്നു ഇടിച്ചു നിരതുന്നതിനും എതിരായി നാട്ടുകാരെ സംഘടിപ്പിക്കുകയും സമരം ചെയ്യുന്നതും ചെയ്ത് സാമൂഹ്യസേവനം ചെയ്യുന്നുണ്ട്. ഒരു പെണ്ണിനിതൊക്കെ ചെയ്യനോക്കുമോ?

എന്നാല്‍ പിന്നെ എത്സമ്മയെ അങ്ങ് 'ആണ്‍കുട്ടി; ആക്കി കളയാമെന്നു സംവിധായകനും നാട്ടുകരുമോക്കെയങ്ങ് വിചാരിച്ചു. അങ്ങനെ എല്‍സമ്മ എന്ന പെണ്‍കുട്ടി ആണ്‍കുട്ടിയായി . (ഇത് കേരളം തന്നെ!)

ഇങ്ങനെ 'ആണതതമുള്ള' എല്സമ്മ പത്രം വിറ്റും വലിയൊരു കുടുംബം പോറ്റുന്ന (അതെങ്ങനെ എന്നൊന്നും ചോദിക്കരുത്. കേട്ടുരുപ്പില്ലാത്ത കഥയില്‍ ചോദ്യവുമില്ല ഉത്തരവുമില്ല) ഗ്രാമത്തിലേക്ക് അയല്‍വക്കത്തെ പാപ്പന്റെ കൊച്ചുമകനായ എബി മോന്‍ എന്ന പരിഷ്കാരിയായ പഞ്ചാരകുട്ടനും തന്നിഷ്ടക്കാരിയായ പെങ്ങളും കുറെ കൂടുകാരും വരുന്നതോടെ ഉണ്ടാവുന്ന സംഭവങ്ങളാണ് പിന്നീട്. എത്സമ്മയെയും കുടുംബത്തെയും തകര്‍ക്കാന്‍ കള്ളു കച്ചവടക്കാരന്‍ കരിപ്പല്ള്ളി (വിജയരാഘവന്‍) എബിയും കൂടുക രെയും കൂട്ടുപിടിക്കുന്നു. എല്ലാ കാര്യത്തിലെന്ന പോലെ ഇവിടെയും എല്‍സമ്മ മാത്രം വിജയിക്കുന്നു.

രണ്ടാം പകുതിയ്ടെ തുടക്കം മുതല്‍ ഉള്ള ഇഴച്ചില്‍ അവസാനം വരെ നില നിര്‍ത്താന്‍ എന്തായാലും കഥാകാരന്‍ വിജയിച്ചു. ഇടയ്ക്കിടെ പള്ളിയിലെക്കെന്നും പറഞ്ഞു പോവുന്ന എത്സമ്മ്മയുടെ അമ്മ ഹൃദ്രോഗിയനെന്നറിയുമ്പോള്‍ മക്കളെ പോലും ഞെട്ടിക്കാനോ ഹൃദയം തൊടുന്ന രീതിയില്‍ അവതരിപ്പിക്കാനോ ലളിതയെ പോലുള്ള ഒരു നടി ഉണ്ടായിട്ടും തിരക്കഥാക്യത്തിനു കഴിഞ്ഞിട്ടില്ല. ഓ ഇതായിരുന്നോ കാര്യമെന്നെ തോന്നലെ പ്രേക്ഷകര്‍ക്ക് തോന്നു. അവസാനം പാലുകാരന്‍ പാലുണ്ണിയെ തന്നെ കല്യാണം കഴിക്കുമെന്ന് സംവിധായകന്‍ തെളിയിക്കുന്നു. അതിലര്‍ക്കെങ്കിലും ഒരു സംശയം തോന്നിക്കുന്ന വിധത്തില്‍ ഒരു കാര്യവും സിനിമയില്ല തന്നെ.


എത്സമ്മയെ അവതരിപ്പിക്കുന്ന ആന്‍ അഗസ്ത്യന്‍ പുതുമുഖത്തിന്റെ പതര്‍ച്ചയോന്നുമില്ലാതെ അഭിനയിച്ചിട്ടുണ്ട്. എങ്കിലും കഥകാരന്റെ കഴിവില്ലായ്മ എന്ന പറയാനാവു,, ആ കഥാപാത്രത്തിന്റെ വികാര വിക്ഷോഭങ്ങള്‍ തീവ്രതയോടെ അവതരിപ്പിക്കാന്‍ പറ്റിയ ഒരു രംഗം പോലും ഇല്ലാത്ത കാമ്പില്ലാത്ത ഒരു വേഷം മാത്രമായി എല്‍സമ്മ. ഒട്ടും പുതുമയില്ലാത്ത ഒരു കഥ അവതരണത്തില്‍ കൊഴുപ്പിചെടുക്കാനുള്ള ലാല്‍ ജോസിന്റെ ശ്രമം ആദ്യ പകുതിക്ക് ശേഷം പരാജയമായി പോയി.

ഇടുക്കിയിലെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ വശ്യത ഒപ്പിയെടുത്ത ദ്യശ്യങ്ങള്‍ (ക്യാമറ വിജയ്‌ ഉലകനാഥന്‍). മോശമെന്ന് പരയിപ്പിക്കാത്ത താരനിര. അല്‍പം പെണ്ണിലും കുപ്പിയിലും താല്‍പ്പര്യമുള്ള രാഷ്ട്രീയക്കാരനായി ജഗതി ശ്രീകുമാര്‍ തിളങ്ങി. കല്യാണ ബ്രോകര്‍ ആയി വരുന്ന സുരാജ് വെഞ്ഞാറ മൂടിന്റെ തമാശകള്‍ സഹിക്കാന്‍ വയ്യാതെ ആയിരിക്കുന്നു. തമാശ കൊണ്ട് പ്രാന്ത് ആയി എന്ന പറയുന്ന പോലെ എല്ലാ സിനിമയിലും എന്തെങ്കിലും കാണിച്ചു തമാശക്കാരനാണെന്ന് തെളിയിച്ചേ അടങ്ങൂ എന്ന മട്ടിലാണ്‌ പ്രകടനം. കുഞ്ചാക്കേ ബോബന് കിട്ടിയ നല്ലൊരു വേഷം. ഇന്ദ്രജിത്തും ജനാര്‍ദ്ദനനും ശ്രീദേവി ഉണ്ണിയുമെല്ലാം അവരുടെ വേഷം ഭംഗിയാക്കി.

റഫീഖ് അഹമെദ് എഴുതി രാജാമണി സംഗീതം നല്‍കിയ പാട്ടുകള്‍ ഒന്ന് പോലും ഓര്‍മയില്‍ നില്‍ക്കുന്നില്ല. ഒരു ഡാന്‍സും കൂടിയാവാം എന്ന മട്ടില്‍ കൂട്ടിച്ചേര്‍ത്ത ആനും ഇന്ദ്രജിത്തും ചേര്‍ന്നുള്ള ഒരു പാട്ടുരംഗം ചിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നു.

എല്‍സമ്മ എന്ന പെണ്‍കുട്ടി അത്ര പ്രശ്നങ്ങളും നടകീയതയോന്നുമില്ലാത്ത ആ നാട്ടിലെങ്ങാനും ജീവിച്ചു പോയേനെ. അവളെ പിടിച്ചു 'ആണ്കുട്ടിയക്കാനും' ത്യാഗിയാക്കാനുമൊക്കെ പോകേണ്ട വല്ല കാര്യവുമുണ്ടോ ലാല്‍ ജോസ്? നല്ലൊരു സിനിമ മലയാളികള്‍ക്ക് തരാനുള്ള വല്ല ആഗ്രഹവുമുണ്ടയിരുന്നെങ്കില്‍ നല്ലൊരു കഥ കിട്ടിയിട്ട പോരെ ഈ സാഹസം?


വാല്‍ കഷ്ണം : തല കുനിച്ചു നടക്കാത്ത, കാര്യങ്ങള്‍ വ്യക്തമായി പറയുന്ന, സ്വന്തം കാലില്‍ നില്ക്കുന്ന എതു പെണ്ണും 'ആണ്‍കുട്ടി' ആണെന്ന പിന്തിരിപ്പന്‍ ചിന്താഗതിയില്‍ കടിച്ചു തൂങ്ങുന്ന സിനിമയുടെ ഒടുവിലെങ്കിലും ഒരു തിരുത്ത് ആവാമായിരുന്നു. എല്‍സമ്മ പെണ്‍കുട്ടി തന്നെ ആണെന്ന്.

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore