Monday, March 21, 2011

ഓർമ്മയുടെ നഖക്ഷതങ്ങൾമലയാളികളുടെ മനസ്സിലെന്നും മഞ്ഞൾ പ്രസാദവും ചൂടി നില്ക്കുന്ന ഓർമ്മയാണു മോനിഷ.

ബാഗ്ലൂരിലെ ഇന്ദിരാനഗറിലുള്ള ഇരുനില കെട്ടിടത്തിലെ സ്വീകരണ മുറിയിലിരിക്കുമ്പോള്‍ ഇടതുഭാഗത്ത് ചുമരിലെ ചിത്രത്തിൽ പല വട്ടം കണ്ണുകളുടക്കി. വിവിധതരം സംഗീതം പൊഴിക്കുന്ന ഉപകരണങ്ങൾ നിറഞ്ഞ മുറിയിൽ എതു ഭാഗത്തു നിന്നും കാണാവുന്ന വിധത്തിൽ വെച്ചിരിക്കുന്നു വലിയൊരു ഫോട്ടോ. മരണത്തിനു പോലും മായ്ക്കാൻ കഴിയാത്ത പ്രസാദം ചൊരിയുന്ന ഈ മുഖം പ്രിയപ്പെട്ടതെന്തോ നമുക്ക് നഷ്ടമായെന്ന വേദനയുണർത്തുന്നു.

ഓർമ്മയുടെ നഖക്ഷതങ്ങൾ...

മുമ്പിലിരിക്കുന്നത് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി ആണു. നിറഞ്ഞ ചിരിയും ഭാവങ്ങൾ മിന്നിമറിയുന്ന കണ്ണുകളും വീണ്ടും മോനിഷയെ ഓർമ്മിപ്പിക്കുന്നു. സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും നമുക്ക് പരിചിതയാണു ഈ മോഹിനിയാട്ടം നർത്തകി.

കർണാടകയിൽ കേരളത്തിന്റെ തനതു നാട്യകലയായ മോഹിനിയാട്ടത്തിനു ഒരു പ്രത്യേക സ്ഥാനം ഉണ്ടാക്കിയെടുക്കാൻ 1979-ൽ സ്ഥാപിച്ച നൃത്തവേദി (മോനിഷ ആർട്സ് അക്കാദമി) യുടെ സംഭാവന വലുതാണു.

"നൃത്തം പോലെ മോഹിപ്പിക്കുന്നതൊന്നുമില്ല. എങ്കിലും അഭിനയവും ഞാൻ ആസ്വദിക്കുന്നു. അടുത്തിടെ ഇറങ്ങിയ നീലത്താമരയിലെയും എൽസമ്മ എന്ന ആൺക്കുട്ടിയിലെയും റോളുകൾ നല്ലതായിരുന്നു. അല്ലേ?"

ഓരോ വാക്കുകളും സ്വയം ആസ്വദിച്ചു കൊണ്ട് അവർ സൗഹൃദം ചൊരിയുന്നു. ജീവിതത്തിലെ ഒരോ നിമിഷവുമായും പ്രണയത്തിലാണെന്നു വിളിച്ച് പറയുന്ന ചലനങ്ങൾ. നൃത്തം ജീവിതവുമായി മോഹിപ്പിക്കും വിധം ഇഴ ചേർന്ന് നില്ക്കുന്നതിന്റെ ഊർജ്ജമാണത്.

"ഓർമ വെച്ച നാൾ മുതൽ നൃത്തം എനിക്ക് ഹരമായിരുന്നു. ഞാനൊരു നർത്തകിയാവാൻ വേണ്ടി ജനിച്ചവളാണെന്ന തോന്നൽ എങ്ങനെയോ എന്നിൽ വളർന്നിരുന്നു. കലാകാരന്മാർ ഒരുപാടുണ്ടായിരുന്ന തറവാടായിരുന്നു കോഴിക്കോടിലേത്. ഭരതനാട്യം, കഥകളി, തിരുവാതിരക്കളി ഇവയെല്ലാം അഭ്യസിച്ചെങ്കിലും മോഹിനിയാട്ടമാണു എന്നെ കീഴടക്കിയത്."

പ്രഗല്‍ഭരായ ബാലകൃഷ്ണൻ നായർ, കേളപ്പൻ, കലാമണ്ഡലം ചന്ദ്രിക, കല്യാണിക്കുട്ടി തുടങ്ങിയവരുടെ കീഴിൽ പരിശീലനം.

"അഭിനയം അന്നേ ഇഷ്ടമായിരുന്നു എനിക്ക്. പക്ഷെ അതൊരു പ്രൊഫഷനാക്കാൻ അന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടായിരുന്നു. മോനിഷ സിനിമയിലെത്തിയപ്പോൾ അവളിലൂടെ ആ സ്വപ്നത്തിലേക്ക് എത്തുകയായിരുന്നു. പക്ഷേ..."

ജീവിതം മാറ്റിമറിച്ച ദുരന്തത്തിന്റെ വേദന ചുരത്തുന്ന നിമിഷങ്ങൾക്ക് കീഴടങ്ങി അവർ നിശബ്ദയായി.

1992 ഡിസംബർ 5.

"എന്റെ എല്ലാമായിരുന്നു അവൾ. സ്വപ്നം, ജീവിതം എല്ലാം. ചെപ്പടിവിദ്യയുടെ ഷൂട്ടിങ്ങിനിടെ ബാഗ്ലൂരില്‍ ഒരു ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രക്കിടയിൽ...എന്റെ മടിയിൽ ഉറങ്ങിക്കിടക്കുകയായിരുനു അവൾ. അങ്ങനെ തന്നെ..."

വിധി ജീവിതത്തിലെ എല്ലാ പ്രതീക്ഷകളെയും തല്ലികൊഴിച്ച പോലെ. യഥാര്‍ത്ഥ്യം അംഗീകരിക്കാനാവാതെ ആസ്പത്രികിടക്കയിൽ മാസങ്ങൾ. ശരീരത്തിലെ പരിക്കുകൾ ഗുരുതരമായിരുന്നു. പക്ഷെ, മനസ്സിലെ മുറിവുകൾ അതിനെക്കാൾ ആഴത്തിലായിരുന്നു.

"കുറച്ച് വർഷങ്ങൾ മാത്രമായിരുന്നെങ്കിലും മോനിഷ അവളുടെ ജീവിതം അര്‍ത്ഥപൂർണമാക്കി എന്നെനിക്ക് തോന്നുന്നു. ആത്മീയതയിൽ അഭയം കണ്ടെത്തിയപ്പൊഴാണു ജീവിതത്തെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണാൻ എനിക്കായത്. അനുഭവിക്കുന്നതിനു പകരം ഞാൻ ദുഃഖത്തെ വരിക്കുകയാണു ചെയ്തത്. എന്റെ കുടുബവും ഡോക്ടറും ഒരുപാട് സഹായിച്ചു. നൃത്തത്തിന്റെ ലോകത്തേക്ക് മടങ്ങാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല."

വെറുതെ ഇരുന്ന് കരയുമ്പോള്‍ ഉള്ളതിനേക്കാൾ ആശ്വാസം നൃത്തം അവർക്ക് നല്കി. അങ്ങനെയാണ് മോനിഷ ആർട്സ് അക്കാഡമിയിലെ കുട്ടികളിലെ ചുവടുകളിൽ പുതിയൊരു ജീവിതത്തിന്റെ താളം അവര്‍ കണ്ടത്തിയത്.

"ഗാന്ധാരിവിലാപം സ്റ്റേജിൽ അവതരിച്ചപ്പോൾ 100 മക്കളെ നഷ്ടമായ ഗാന്ധാരിയിൽ ഞാൻ എന്നെ തന്നെ കണ്ടു. മക്കളെ നഷ്ടമായ അമ്മയുടെ ദുംഖം എല്ലാത്തിനുമപ്പുറമാണു. എങ്കിലും നൃത്തം ചെയ്യുമ്പോള്‍ എല്ലാ സങ്കടങ്ങളും അലിഞ്ഞുപോവുന്ന പോലെ."

എഴുപതുകളിൽ ബംഗ്ലൂരിലെത്തിയ ശ്രീദേവി മോഹിനിയാട്ടത്തെ അതിരുകളില്ലാത്ത ആസ്വാദനത്തിനു ഉതകും വിധം അണിയിച്ചൊരുക്കി കർണാടകയിലും സ്വീകാര്യമാക്കി. 2001-ൽ ലഭിച്ച കർണാടക കലാശ്രീ അവാർഡ് അവരുടെ കലാജീവിതത്തിനു അംഗീകാരമായി.

ഡാൻസ് സ്കൂളിന്റെയും സ്റ്റേജ് പെർഫൊർമസിന്റെയും തിരക്കുകൾക്കിടയിലും അവർ ഡയറികുറിപ്പുകൾ സൂക്ഷിക്കുന്നു. ഒരു ആത്മകഥയെഴുതാനുള്ള മോഹം അവർ മറച്ചുവെക്കുന്നില്ല.

യാത്ര പറയും മുമ്പ് ഒരിക്കൽ കൂടെ ചുമരിലെ ചിത്രത്തിൽ കണ്ണുകളുടക്കി.

വർഷങ്ങൾ കഴിഞ്ഞിട്ടും മായാതെ മലയാളികളുടെ ഹൃദയത്തിൽ വരച്ചിട്ട മഞ്ഞൾക്കുറി.

No comments:

Post a Comment

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore