Friday, January 21, 2011

മാറുന്ന ബന്ധങ്ങളും മാറാത്ത നമ്മളും







മഴവിൽ ക്കാവടി എന്ന സിനിമയിലെ ഒരു രംഗം ഒർമ്മയിലുണ്ട് .

ആലിൻ ത്തറയിൽ ചോക്കു കൊണ്ട് വരച്ചു അതീവ ശ്രദ്ധയൊടെ ശങ്കരാടിയും നായകനായ ജയറാമും കൂട്ടരും രാത്രി പദ്ധതി തയ്യാറാക്കുന്നു. നമ്മളും ജാഗരൂകരായി. പിറ്റേ ന്നു പ്ലാൻ അനുസരിച്ചു പ്രണയ ബന്ധിതരായ നായകനും നായിക സിതാരയും കല്ല്യാണത്തെ എതിർക്കുന്ന വീട്ടുകാരുടെയും ഗുണ്ടകളുടെയും കണ്ണു വെട്ടിച്ചു ഒരു വിധം ചെന്നെത്തുമ്പൊൾ രജിസ്റ്റ്രേഷന്‍ ഒഫിസിനു അവധി. ഇതിലെറെ എന്തു സംഭവിക്കാൻ എന്ന ഭാവത്തിൽ നില്ക്കുന്ന കാമുകരുടെ നിരാശ അതിനെക്കാൾ തീവ്രതയൊടെ നമ്മളാണു അനുഭവിച്ചതു! (അപ്പുറത്തിരുന്നു ആശ്വാസത്തിന്റെ ചിരി ചിരിച്ച അച്ഛനെയും അമ്മയെയും അല്പ്പം പ്രതിഷേധത്തൊടെ നോക്കി കൗമാരം). അങനെയൊക്കെ ആണു നമ്മൾ പഠിച്ചതു പ്രേമിക്കുകയാണെങ്കില്‍ ക്ലൈമാക്സ് കല്ല്യാണം തന്നെ ആയിരിക്കണമെന്നു . അതു വീട്ടുകാർ അറിഞ്ഞാണെങ്കില്‍ ‘പെണ്ണായാൽ പൊന്നു വെണ'മെന്നു പാട്ടും പാടി ഒരു പൊന്നിൻകുടമായി കല്ല്ല്യാണമണ്ഡപത്തിലേക്ക് യാത്ര ആവാം. ഇനിയിപ്പൊൾ എയർടെല്ലുകാരും റിലയൻസുകാരുമൊക്കെ വിയർപ്പൊഴുക്കി കണക്ഷൻ കിട്ടിയതാണെങ്കില്‍ രജിസ്റ്റര്‍ ഓഫീസുമൊക്കെ തന്നെ ശരണം.

ആദ്യത്തെ ഫ്രൈയിമിൽ കണ്ട് മുട്ടുന്ന ആണ്ണിന്റെയും പെണ്ണിന്റെയും കഥ പ്രണയമെന്ന ബലൂണിലൂടെ വീർത്തു വന്നു വിവാഹത്തിലെത്തി ‘പൂജ്യരായി' നില്ക്കുന്നതൊടെ പല സിനിമകളുടെയും റീലുകൾ തീർന്നുപൊയി. അവർ കണ്ടു , കഷ്ടപ്പെട്ടു കല്ല്യാണൊം കഴിച്ചു ഇനിയെന്തോന്നു കഥയെന്നും ചൊദിച്ചു കാണികൾ ആഹ്ലാദവിവശരായി മടങ്ങി. ഇനിയിപ്പൊ, കല്ല്യാണം കഴിഞ്ഞ അ കഥാപാത്രങ്ങളുടെ കഥയാണെങ്കിലോ അവിടെ അടിയും പിടിയും അവിഹിത ബന്ധങ്ങളും . (സമകാലീന മെഗാസീരിയലുകൾ സാക്ഷി.)

സിനിമകൾ ജീവിതത്തിന്റെ നേർപ്പകർപ്പുകളാണെന്നൊന്നും കരുതാൻ വയ്യ. എന്നിരുന്നാലും വ്യവസ്ഥാപിതമായ ഒരു സാമൂഹികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നവയാണു മിക്കവയും. കുടുംബത്തിലധിഷ്ഠിതമായ സംസ്കാരത്തിൽ വിവാഹം എന്ന സ്ഥാപനത്തിനു എത്രമാത്രം വേരോട്ടമുണ്ടെന്നതിനു എളുപ്പത്തിൽ കണ്ടെത്താവുന്ന ചൂണ്ട് പലകയാണു സിനിമ.

ശരാശരി മലയാളിയെ സംബന്ധിച്ചാണെങ്കില്‍, പഠിത്തം -ജോലി-വിവാഹം എന്ന തകർക്കാൻ പറ്റാത്ത വിശ്വസത്തിന്റെ ഒരു സ്വഭാവികമായ വളർച്ചയാണു ജീവിതം. കാലാകാലങ്ങളായി ഭൂരിപക്ഷ പിന്തുണയൊടെ നിലനില്ക്കുന്ന ഇത്തരം ചിട്ടവട്ടങ്ങലല്ല പുറത്ത് നില്ക്കുന്നവരെ, വിവാഹിതരാവാതെ ഒന്നിച്ചു ജീവിക്കുന്നവരെ പൊതുസമൂഹം എങ്ങനെയാണു കാണുന്നത് എന്നതു പുതിയ സുപ്ര്Iം കോടതി വിധിയും അതെ തുടര്‍ന്നുള്ള ചർച്ചകളും സൂചിപ്പിക്കുന്നു. ലിവ് ഇൻ റിലേഷൻഷിപ്പ് പാശ്ചാത്ത്യ ഉല്പ്പന്നമാണെങ്കിലും ഇന്ന് നമ്മുടെ നഗരസംസ്ക്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പ്രായപൂർത്തിയായ ആണിനും പെണ്ണിനും വിവാഹിതരായൊ അല്ലാതെയൊ ഒരുമിച്ച് താമസിക്കുന്നതിനൊ വിവാഹ പൂർവരതിയിലെർപ്പെടുന്നതിനൊ ഇന്ത്യയിലെ നിയമവ്യവസ്ഥ തടസ്സം നില്ക്കുന്നില്ല. എന്നിരുന്നാലും കുടുംബ വ്യവസ്ഥക്കു ഭീഷണിയാവുന്ന ഒരു പ്രവണത എന്ന നിലയിൽ ഇതിനൊടുള്ള എതിർപ്പ് ഇന്നും ശക്തമാണു. സമൂഹനിയമങ്ങളും വ്യക്തി സ്വാതന്ത്രവും ഏറ്റുമുട്ടുന്ന അവസ്ഥ.

സുപ്രിം കോടതി വിധിയനുസരിച്ച് ഉപെക്ഷിക്കപ്പെടുന്ന സ്ത്രീക്കു ജീവനാംശത്തിനു അർഹതയുണ്ടാവണമെൻകിൽ വിവാഹമൊ അതിനു സമാനമായ ബന്ധമൊ (relationship in the nature of marriage) ആണെന്നു തെളിയിക്കണം. വിവാഹത്തിനു സമാനമായ ബന്ധങ്ങൾ എന്നതിൽ ലിവ് ഇൻ റിലെഷൻഷിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധെയമാണു. Domestic Violence Act, 2005അനുസരിച്ചു കിട്ടുന്ന ആനുകൂല്യങ്ങള്‍ ഇത് കാരണം ഇവർക്കു ലഭ്യമാവുകയില്ല. ഇതൊടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം ജുസ്റ്റിസ് Markandey Katjuവും T S താക്കൂറും ഉം അടങ്ങിയ ബെഞ്ച് മാറിയ ചുറ്റുപാടില്‍ നിയമത്തിൽ കാലാനുസരണം മാറ്റം വരുത്താൻ നിർദേശിക്കുകയുണ്ടായി. കാലിഫോർണിയയിൽ നിലവിലുള്ള പാലിമണി (palimony, meaning alimony for your pal) ഒരു മാത്യകയായി കണ്ട് ഒപ്പം ജീവിക്കുന്ന വ്യക്തി ഉപേക്ഷിച്ചു പോയാൽ ജീവനാംശം നല്കാൻ നിയമവ്യവസ്ഥ വേണമെന്നാണു കോടതി അഭിപ്രായപെട്ടത്. നിലവില്‍ Code of Criminal Procedure (CRPC Section 125) പ്രകാരം ഭാര്യ എന്ന സർട്ടിഫിക്കറ്റ് ഉള്ള ഒരാൾക്കു മാത്രമെ ഇതിനു അവകാശമുള്ളു.

അതെ സമയം പ്രായപൂർത്തിയായ ആണിനും പെണ്ണിനും ഒരുമിച്ച് താമസിക്കുന്നതിനു ഒരു നിയമതടസ്സവുമില്ലതാനും.

അത്തരം ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികളുടെ അവസ്ഥയും കണക്കിലെടുക്കെണ്ടതുണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പൗരന്മാർക്കു നല്കുന്ന സാമൂഹിക സുരക്ഷിതത്വം ശ്രദ്ധേയമാണ്. കുട്ടിയുടെ കെയർ ടേക്കറൂടെ (caretaker) വരുമാനമനുസരിച്ചു അവിടെയുള്ള സാമൂഹിക സുരക്ഷ സംവിധാനം കുട്ടിക്കും (എകദേശം 100 യൂറൊ ഓരോ കുട്ടിക്കും) അമ്മക്കും (തൊഴിലില്ലായ്മ വേതനം) തുടങ്ങിയ രീതിയില്‍ സഹായം ചെയ്യുന്നു. ജനസംഖ്യ കൂടുതലുള്ള ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ഇതു അതുപൊലെ അനുകരിക്കാൻ ശ്രമിക്കുന്നതു പ്രായൊഗികമല്ല. എങ്കിലും, നിലനില്ക്കുന്ന സാമൂഹികരീതികളിൽ നിന്നു മാറിനടക്കുന്നവർക്കു നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിലെ വൈരുധ്യം അപലപനിയമാണു.

അടുത്തിടെ ചില മലയാള ചാനലുകൾ നയിച്ച ചർച്ചകളിലെ പരാമർശങ്ങൾ സൂചകങ്ങളായി കാണാമെങ്കില്‍ താലിച്ചരടിന്റെ കുരുക്കില്ലാത്ത ആൺ-പെൺ ബന്ധങ്ങളെല്ലാം അവിഹിതവും അശ്ലീലവുമാണെന്നു വിളംബരം ചെയ്യുന്ന പ്രവണതയാണു കാണുന്നതു. വിവാഹിതിരായിരിക്കെ ഒരാൾക്കു മറ്റൊരു സ്ത്രീയുമായൊ പുരുഷനുമായൊ ഉള്ള ബന്ധങ്ങളെ ലിവ് ഇൻ റിലേഷൻഷിപ്പിൻടെ പട്ടികയിൽ പെടുത്തുന്നതു വിവാഹേതരബന്ധങ്ങളുടെ സാധൂകരണമാവുകയെ ഉള്ളു. നിയമപ്രകാരം വിവാഹിതരായ ശേഷം മറ്റ് ബന്ധങ്ങളിൽ ലൈംഗികസ്വാതന്ത്ര്യം കണ്ടെത്തുന്നവരുടെ എണ്ണത്തിൽ കേരളം ഒട്ടും പുറകിലല്ല. എന്നിരുന്നാലും യുവാക്കൾക്കിടയിൽ സ്വീകാര്യത വന്നു കൊണ്ടിരിക്കുന്ന ലിവ് ഇൻ റിലേഷൻഷിപ്പ് എന്ന രതിയെ അസന്മാർഗികം എന്നു വിളിക്കുന്നത്, ഒളിച്ചുനോട്ടങ്ങളിൽ അഭിരമിക്കുകയും, ഒളിച്ച് തിന്നു ലൈംഗികചൊദനകളെ രസപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ മലയാളി മാനസിക നില സൂചിപ്പിക്കുന്നു.

എഴുപതുകളുടെ തുടക്കത്തിലാണു നമ്മുടെ രാജ്യത്തെ നഗരങ്ങളിൽ സ്വാതന്ത്രദാഹികളായ യുവാക്കള്‍ക്കിടയിൽ ഈ പ്രവണത പരക്കുന്നതു. കുടുംബങ്ങളിൽ അധിഷ്റ്റിതമായ സംസ്കാരത്തിന്റെയും മതങ്ങളുടുയും സ്വാധീനം ഇതിന്റെ പ്രചാരത്തിനു തടസ്സമായെന്ന്ത് ശ്രദ്ധേയമാണു. (വ്യക്തിസ്വാതന്ത്രം മുദ്രവാക്യമാക്കിയ യുവാക്കളുടെ ഒരു വിധപ്പെട്ട 'ഭ്രാന്തു'കളെല്ലാം കല്ല്യാണമെന്ന ആണിയിലടിച്ചു കുടുംബച്ചുമരിനു മുകളിൽ തൂക്കുകയാനു പതിവു).

ബങ്ഗ്ളൂരിൽ ഈയിടെ ഒരു ഇംഗ്ലീഷ് ഷ് ദിനപത്രം നടത്തിയ സർവെയിൽ പങ്കെടുത്ത (മാസവരുമാനമുള്ള) ഒരു വിഭാഗം അഭിപ്രായപെട്ടതു അവർ പാർട്ണരിൽ നിന്നും ജീവനാംശം പ്രതീക്ഷിക്കുന്നില്ല എന്നാണു. സാമ്പത്തിക സ്വാതന്ത്രമുള്ള ഈ ഒരു വിഭാഗത്തിനെ മാറ്റിനിർത്തിയാൽ ഈ രീതിയിൽ ചതിക്കപെട്ടവരും ഉപേക്ഷിക്കപെട്ടവരും അനാഥരാക്കപെടുന്നവരുമായ കുട്ടികളും നിയമപരമായ അവകശങ്ങള്‍ കിട്ടതെ പോവുന്ന അവസ്ഥ ചർച ചെയ്യേണ്ടതാണ് . (സർവെയിൽ ലിവ് ഇൻ റിലേഷൻഷിപ്പിലുള്ളവരിൽ മലയാളികളും ഉണ്ടായിരുന്നു. മറുനാട്ടിൽ എന്ത് നടന്നാലും ഒരു നാട്ടുകാരനെങ്കിലും ഉണ്ടെന്നറീയുന്നത് മലയാളിക്ക് ഒരു സുഖമാണു. അതു അവാർഡ് കിട്ടിയതായാലും അഴിമതിയായാലും കൊലയൊ തീവ്രവാദമോ ആയാലും.)

എതിർപ്പുണ്ടാവുമെന്നു ഭയന്നു എല്ലാവരും പ്രേമിക്കാതിരിക്കുന്നില്ല. (ഭീരുക്കളെ നിങ്ങളെ കുറിച്ചല്ല). സമൂഹമെതിർത്തിട്ടും വ്യഭിചരിക്കേണ്ടവര്‍ താവളങ്ങൾ കണ്ടെത്തുന്നു. കൊലപാതകികൾ തലയെണ്ണുന്നു. മതങ്ങളും സമൂഹവും ഒരുമിച്ചു വളോങ്ങിയിട്ടും തീവ്രവാദികൾ ബോംബുകൾ അട വെച്ചു പൊതു ഇടങ്ങളിൽ ശവങ്ങളെ വിരിയിക്കുന്നു. അതുകൊണ്ട് എതിർപ്പു വകവെക്കാതെ എല്ലാവരും വിവാഹം കഴിക്കാതെ ജീവിക്കണമെന്നില്ല. സാമൂഹിക വ്യവസ്ഥക്കു പോറലേല്പ്പിക്കുന്ന പ്രവണതകളെ മുളയിൽ തന്നെ നുള്ളിക്കളയാൻ കഴിഞ്ഞില്ലെങ്കില്‍ പിന്നീടു പാടെ പിഴുതു മാറ്റാനും കഴിയില്ലെന്നതു യാഥാര്‍ത്ഥ്യമാണ്. കണ്ണടച്ചിരുട്ടാക്കുന്നതിനു പകരം അതിൽ ഇരകളാക്കപെടുന്നവർക്ക് ഭരണഘടനക്കനുസ്യതമായ സംരക്ഷണം ഉറപ്പാക്കേണ്ടതില്ലെ എന്നു പക്വതയോടെ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു



No comments:

Post a Comment

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore