Monday, February 21, 2011

തണല്‍ പരത്തുന്ന വന്മരങ്ങള്‍


എനിക്ക് തോന്നുന്നതു നിങ്ങൾക്കു വയസ്സനാകൻ ഇഷ്ടമില്ല. അവസാനനിമിഷം വരെ ആക്ടീവ് ആയിരിക്കണം---ശരീരവും മനസ്സും. എന്റെർപ്രെണർഷിപ്പ് ഒരു മനോരോഗമാണു. അതിൽ പെട്ടയാളാണു നിങ്ങളെന്ന് ഏഷ്യാവീക്, ഇന്ത്യന്‍ എക്സ്പ്രെസ്സിന്റെ കാന്റീൻ മുതലായ പലതും തെളിയിച്ചിട്ടുണ്ട്. വയസ്സാകാതിരിക്കാൻ നിങ്ങളെ പോലൊരാൾക്കു രണ്ടു വഴിയേയുള്ളു.

1) രാഷ്ട്രീയം. 11) എന്തെങ്കിലും സ്ഥാപിച്ചു നന്നാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.

നിങ്ങൾക്കു ഇടപഴകാൻ പറ്റിയവർ രാഷ്ട്രീയത്തിലില്ലാത്ത കലിയൂഗമായതുകൊണ്ട് നിങ്ങളീ വഴിക്കാലോചിക്കുന്നു. (ആനന്ദവല്ലി എന്ന മലയാളം ഡൈജസ്റ്റ് തുടങ്ങുന്നതിനെ പറ്റി പ്രശസ്ത എഴുത്തുകാരൻ എം. പി നാരായണപിള്ള ഈയിടെ രാജ്യം പദ്മഭുഷൺ നല്കി ആദരിച്ച പത്രപ്രവർത്തനത്തിലെ അതികായനായ ടി. ജെ . എസ് ജോർജിനെ കുറിച്ചു എഴുതിയതാണിത് ---ഘോഷയാത്ര-ടി . ജെ എസിന്റെ ഓർമ്മകുറിപ്പുകൾ)

കടന്നുപോയ എൺപതു വർഷങ്ങളുടെ ഗൗരവം വെളുപ്പിച്ച ഫ്രെഞ്ചു താടിയുമായി ആഴ്ച്ചയിൽ അഞ്ചു ദിവസവും, ഞാനുൾപ്പെടെയുള്ള ഏത് പുത്തൻകൂറ്റ് പത്രപ്രവർത്തകനെയും ലജ്ജിപ്പിക്കുന്ന ഉൽസാഹത്തോടെ, ഒരു തപസ്യയെന്ന പോലെ ഇന്ത്യന്‍ എക്സ്പ്രെസ്സ് ഓഫീസ്സിലെത്തുന്ന ഈ പ്രതിഭാശാലിയെ കാണുമ്പോള്‍ മനസ്സിൽ വരുന്നത് ഈ വരികൾ തന്നെയാണു.

എങ്കിലും വയസ്സനാകാൻ ഇഷ്ടമില്ലാത്തൊരാൾ, പ്രായത്തിന്റെ പേടികളെ അകറ്റി നിർത്താൻ വേണ്ടി മാത്രമോ എഴുതി തെളിയിച്ചെടുത്ത തഴമ്പിന്റെ മാറ്റ് വീണ്ടും തെളിയിക്കാനോ അതുമല്ലെങ്കിൽ വെള്ളിക്കാശിന്റെ പ്രലോഭനത്തിനു കീഴ്പ്പെട്ടൊ ചെയ്യുന്ന അഭ്യാസമല്ല അദ്ദേഹത്തിന്റെതെന്ന് ഒരോ കുറിപ്പുകളും നമ്മോട് പറയുന്നു. വിഷയത്തിന്റെ തെളിമയും തീവ്രതയും ഭാഷയെ സുന്ദരമാക്കുകയും വായന പരസ്പരസംവാദത്തിന്റെ ശക്തമായ വേദിയാവുകയും ചെയ്യുന്ന അനുഭവം.

വന്മരങ്ങൾ ആഴത്തിലാണു മണ്ണിൽ വേരോടുന്നത് എന്ന ഒർമ്മിപ്പിക്കുന്നു ഈ മനുഷ്യൻ. വാക്കുകളിലും ഭാവത്തിലും അനുഭവങ്ങൾ പാകപ്പെടുത്തിയ മിതത്വം.

കൂടുതൽ ഇംഗ്ലീഷ് പറയുകയും ഒരുപക്ഷെ കേരളത്തിൽ ജീവിച്ച് എഴുത്ത് അഭ്യാസമാക്കിയ മറ്റു പലരെക്കാളും മനോഹരമായി മലയാളത്തിൽ പുസ്തകങ്ങളും

കുറിപ്പുകളുമെഴുതുന്ന ഒരാൾ. എം പി നാരായണപിള്ളയുടെ വാക്കുകൾ കടമെടുത്താൽ ‘ഒരു രൂപ ശമ്പളത്തിനു സൗജന്യമായി ഒരു പത്രത്തെ വർഷങ്ങളായി സേവിക്കുന്ന' ആൾ.
‘'നിങ്ങൾ സായിപ്പാണെന്ന തെറ്റിദ്ധാരണയാണു പത്രാധിപന്മാർക്ക്. ഇന്നത്തെ പല പത്രാധിപന്മാരും കോണമുടുത്ത് നടന്നിരുന്ന കാലത്ത് മാതൃഭുമിയിൽ യാത്രാവിവരണങ്ങൾ തുടരനായി എഴുതിയിരുന്ന പൂർവചരിത്രം അധികമാൾക്കുമറിയില്ല‘' എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദൂരക്കാഴ്ച്ചകൾ പലപ്പോഴും തെറ്റിധ്ദാരണയുണ്ടാക്കുന്നു എന്നത് എത്ര ശരിയാണു! തലയുടെ നെടുകെ ധാരാളിത്തത്തോടെ പടർന്നു കയറിയ കഷണ്ടി. ബുദ്ധിജീവികൾക്കു മാത്രം പൊടിഞ്ഞുണ്ടാവുന്ന ഊശാൻ താടി. സാവധാനമെങ്കിലും ഒരു അപ്പൂപ്പൻതാടിയുടെ ലാഘവത്തോടെ നടന്നുപോവുന്നൊരാൾ. വസ്ത്രധാരണത്തിലെ ‘സായിപ്പനിസവും' മിതഭാഷണവും കാരണം അടുക്കാൻ മടിയായിരുന്നു.
ഘോഷയാത്രയിലെ ആകർഷണീയമായ ഭാഷ മനസ്സിലുണ്ട്. ഏകദേശം ഒരു വർഷത്തിനു ശേഷം ഒരു പുസ്തകത്തെ കുറിച്ച് സംസാരിക്കാൻ സിംഹമടയിലേക്കെന്ന പോലെ കയറിചെന്നു. കുറച്ച് വാക്കുകൾ. കുറെ സന്തോഷം. മനസ്സിലെ മഞ്ഞുരുകി. പരിചയം. പിന്നീടൊരിക്കൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ കോപ്പി സമ്മാനം. പദ്മഭൂഷന്‍ കിട്ടിയെന്നറിഞ്ഞപ്പോൾ പലരും അത്ഭുതത്തോടെ ചോദിച്ചു. ഇത്രയും കാലം സർക്കാർ എന്ത് ചെയ്യുകയായിരുന്നെന്നു. ഇപ്പോഴെങ്കിലും നല്കാൻ തോന്നിയത് വലിയ കാര്യമെന്ന് മനസ്സിൽ കരുതി. (ജെർണലിസം സ്കൂളുകളിൽ ലക്ഷങ്ങൾ അട വെച്ച് വിരിഞ്ഞുണ്ടായ പുതുതലമുറയിലെ പല സഹപ്രവർത്തകർക്കും ഗൂഗിൾ വെണം ടി.ജെ.എസ് ആരെന്നറിയാൻ. ബർഗാദത്തിനു വേണ്ടി വെബ്സൈറ്റുകളിൾ കമ്മ്യൂണിറ്റി ഉണ്ടാക്കിയവരാണ് !!)
അവാർഡുകളും അംഗീകാരങ്ങളും കൊണ്ട് മാത്രം അളക്കാവുന്ന വ്യക്തിത്വമല്ലെങ്കിലും സര്‍ക്കാര്‍ വൈകിയെങ്കിലും ആദരിച്ചത് ഉചിതമായി. മൗസ്ക്ലിക്കുകളിൽ തുറക്കപ്പെടുന്ന ജനാലകളിലൂടെ മാത്രം ലോകം കാണുന്ന ‘അനുഭവസമ്പത്തുള്ള', സ്വന്തം പ്രതിച്ചായയെക്കുറിച്ച് മാത്രം ആകുലപ്പെട്ട്, കമ്പോളത്തിനും രാഷ്ട്രീയതാല്പ്പര്യങ്ങൾക്കും അനുസൃതമായി അക്ഷരങ്ങൾ വെട്ടിത്തിരുത്തിയും അഭിപ്രായങ്ങൾ മാറ്റിമറിച്ചും ‘കസ്റ്റംമൈഡ്' പീസുകൾ വിറ്റ് സെലിബ്രിറ്റികളാവുന്ന പുതു പത്രപ്രവർത്തക ശിങ്കങ്ങൾ വർഷങ്ങൾക്ക് മുമ്പേ ഒപ്പിച്ചെടുത്തിട്ടുണ്ട് ഈ വക പുരസ്കാരങ്ങളെല്ലാം. വാർത്തകൾ വായിക്കാനും കേട്ടാസ്വദിക്കാനും മാത്രമാണുള്ളതെന്നും വിശ്വസിക്കനുള്ളതല്ലെന്നും നമ്മെ പഠിപ്പിച്ചവർ.
അങ്ങനെയുള്ള ചിലർ കോർപറേറ്റ് ലോബികൾക്ക് വേണ്ടി ഒത്താശ ചെയ്ത നാണിപ്പിക്കുന്ന കഥകളുടെ നാറ്റം ഇപ്പോഴും അന്തരീക്ഷത്തിൽ ഉള്ളതു കൊണ്ടാവാം ഈ മേഖലയിലെ അവാർഡ്, ഇത്ര കാലവും മാറ്റിനിർത്തിയ ടി.ജെ.എസിലും ഹോമായി വൈരമാലയിലും (ഇന്ത്യയിലെ ആദ്യത്തെ വനിത ന്യൂസ് ഫോട്ടോഗ്രാഫർ- പദ്മ വിഭുഷൺ) ഒതുക്കിയത്. അവാർഡിനായി ആഭ്യന്തര വകുപ്പ് പരിഗണിച്ചുവെന്നു പറയപ്പെടുന്നവരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.

(Manini Chatterjee (The Telegraph), Raj Chengappa (The Tribune), Vijay Darda (Lokmat), Arnab Goswami (Times Now), Aarti Jerath (The Times of India), Alok Mehta (Nai Dunia), Vinod Mehta (Outlook), K.S. Sachidananda Murthy (The Week), Dileep Padgaonkar (ex-Times of India), Sanjay Pugaliya (CNBC-Awaaz) and M.K. Razdan (PTI)).

1928-ൽ തയ്യിൽ തോമസ് ജേക്കബിനും ചാച്ചിയമ്മ ജേക്കബിനും പത്തനംതിട്ടയിലെ തുമ്പമണ്ണിൽ ജനിച്ച തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി. ജെ. എസ് പത്രപ്രവർത്തകൻ, ജീവചരിത്രകാരൻ, എഷ്യ വീക്കിന്റെ സ്താപക പത്രാധിപർ എന്ന നിലയിലെല്ലാം നമുക്ക് പരിചിതനാണു. ആദർശവും മൂല്യബോധവും അലങ്കാരങ്ങൾ മാത്രമെന്നു വിശ്വസിക്കുകയും അത്മപ്രശംസയിൽ രമിക്കുകയും വിലകുറഞ്ഞ അഭിപ്രായങ്ങൾ നടത്തി ചാനലുകളില്‍ നിന്നു ചാനലുകളിലേക്ക് പാറിനടക്കുകയും ചെയ്യുന്ന സെലിബ്രിറ്റി ജെർണലിസ്റ്റുകൾക്കിടയിൽ അപവാദമാണു ടി.ജെ.എസ്. 1950-ൽ സബ് എഡിറ്ററായി തുടങ്ങിയ, പല പതിറ്റാണ്ടുകള്‍ നീണ്ടുനില്ക്കുന്ന പത്രപ്രവർത്തന ജീവിതത്തെ തെളിവുറ്റതാക്കി മാറ്റുന്നത് പകരം വെക്കാനാവാത്ത അനുഭവസമ്പത്തും പണയം വെക്കാത്ത പ്രൊഫഷണലിസവുമാണു.
എഴുത്തുകാരിലും പത്രപ്രവർത്തകരിലും അഗ്നിയായി പടർന്ന അടിയന്തിരാവസ്ഥകാലത്തെ ഓര്‍മ്മകള്‍ കാത്തുവെക്കുന്ന ഒരാള്‍ എന്ന നിലയില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലൂണ്ടായ ചലനങ്ങളും അതിന്റെ തുടർച്ചയായുണ്ടായ പത്രപ്രവർത്തനരംഗത്തെ മാറ്റങ്ങളും പക്ഷപാതരഹിതമായി നിരീക്ഷണം നടത്തുന്നതിലെ പാടവം അനുപമമാണ്. ആ കാലത്തെ കഥകൾ വായിച്ചും കേട്ടറിഞ്ഞും പത്രപ്രവർത്തനവുമായി പ്രണയത്തിലായവർ പിന്നീടെത്ര ഉണ്ടായി. (അവരിൽ പലർക്കും ആദർശം പടിക്കൽ ചെരുപ്പെന്ന പോലെ ഉപേക്ഷിച്ച് കയറിച്ചെല്ലേണ്ട ദുര്യോഗമാണു പിന്നീട് ഉണ്ടായതെങ്കിലും )
അറുപതുകൾക്ക് ശേഷം രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും പ്രതിഫലനമായി എക്കാലത്തും പ്രവർത്തിച്ചിട്ടുള്ള മാധ്യമങ്ങളും വൈരുധ്യങ്ങൾക്ക് വിധേയമായി. എഴുപതുകളും എൺപതുകളും ആയതോടെ സ്വാർത്തതാല്പര്യത്തിനു വേണ്ടി പത്രപ്രവർത്തനം ഉപയോഗിക്കുന്നവരുടെ സംഖ്യ വർദ്ദിച്ചുവന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. (രണ്ടായിരാമാണ്ടായപ്പോൾ ഇതെത്ര മാത്രം അപലപനീയമായ സ്ഥിതിയിലെത്തിയെന്നു ഈയിടെ പുറത്തിറങ്ങിയ റാഡിയ ടേപ്പുകൾ നമ്മോട് പറയുന്നു)

പ്രധാനമായും രണ്ടു വിഭാഗങ്ങൾ രൂപപെട്ടു --- പത്രത്തെ സേവിക്കുന്നവരും പത്രത്താൽ സേവിക്കപ്പെടുന്നവരും. ആദ്യവിഭാഗത്തിലെ ഭൂരിഭാഗവും പൊതുജനശ്രദ്ധയിൽ പെടാതെ പ്രവർത്തിച്ചു.---നൂറുകണക്കിനുള്ള സബ് എഡിറ്റർമാർ, ന്യൂസ് എഡിറ്റർമാർ, ലേഖകന്മാർ, എഴുത്തുകാർ. റിപ്പോർട്ടുകൾ ശേഘരിച്ച്, വാക്കുകളെ സ്നേഹിച്ച്, വാചകഘടനയെയും വ്യകരണത്തെയും ഹ്രദയത്തിൽ ഉൾക്കൊണ്ട് പേജുകൾ ക്രമീകരിച്ച് അർപ്പണബോധത്തൊടെ അവർ പത്രങ്ങൾക്ക് കെട്ടുറപ്പു നല്കി. ലോകം അവരെ അറിഞ്ഞില്ല. അവർ സംതൃപ്തരായിരുന്നു എന്നും അദ്ദേഹം എഴുതുന്നു.

ഇന്നും സ്ഥിതി വ്യത്യസ്തമല്ല. എങ്കിലും മറ്റുള്ള തൊഴിലുകളിലെന്ന പോലെ തന്നെ സേവിക്കപ്പെടാൻ ഇഷ്ടപ്പെടുന്നവരാണു ഭൂരിഭാഗവും. പത്ര-ടെലിവിഷൻ ചാനലുകളുടെ ലക്ഷ്യവും പണസമ്പാദനവും മറ്റ് കാര്യസാധ്യങ്ങളുമാണെന്നു ആർക്കാണറിയാത്തത്. സമൂഹനന്മക്കായി നീതിപൂർവ്വവും പക്ഷപാതരഹിതവുമായി നിലപാടുകളെടുക്കുന്ന സ്ഥാപനങ്ങൾ വിരലിലെണ്ണാൻ പോലുമില്ല. ഗൗരവവായന വിസ്മൃതിയാവുകയും ഇൻസ്റ്റന്റ് ഫുഡിനൊപ്പം നേരം പോക്കാനുള്ള ബ്രേക്കിംഗ് ന്യൂസിന്റെ റ്റാബ് ലെറ്റ് സൗകര്യത്തിലേക്ക് നമ്മൾ ചുരുങ്ങുകയും ചെയ്തിട്ട് അധികകാലമൊന്നുമായിട്ടില്ല.

പോയകാല നന്മകളോർത്ത് കണ്ണീർ വാർക്കാനും വരുന്നത് കെട്ട കാലമാണെന്നു സ്ഥാപിക്കാനുമല്ല. ടെക്നോളജിയുടെ, പണത്തിന്റെ, അവസരങ്ങളുടെ ധാരാളിത്തം. ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന മൂല്യബോധത്തിന്റെ, ഉണ്മയുടെ തുള വീണ കുപ്പായമാണു നമ്മുക്കണിയാൻ ഈ കാലം കാത്തുവെച്ചത്. അതുകൊണ്ട് തന്നെ ചെറുതും വലുതുമായ പ്രലോഭനങ്ങളുടെ കാറ്റിൽ വീഴാതെ പതിറ്റാണ്ടുകൾ തലയുയർത്തിനില്ക്കുന്ന അപൂർവം ചില വന്മരങ്ങളെ കാണുമ്പോള്‍ നമിക്കാതെ വയ്യ.No comments:

Post a Comment

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore